യുവാവ് മരിച്ചത് വെടിയേറ്റ്; ആശുപത്രിയിൽ എത്തിച്ചത് കാട്ടാന ആക്രമണമെന്ന പേരിൽ; 13 പേർ അറസ്റ്റിൽ
text_fieldsജംഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ
ഗൂഡല്ലൂർ: യുവാവിന്റെ മരണത്തിലെ ദുരൂഹത നീങ്ങിയതോടെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവർഷോല എസ്റ്റേറ്റ് മൂന്നാം ഡിവിഷൻ മസ്റ്ററിന് സമീപം താമസിക്കുന്ന വെണ്ണയങ്കോട് ജംഷീർ (37) ആണ് ദിവസങ്ങൾക്കു മുമ്പ് മരണപ്പെട്ടത്. ജംഷീറിന്റെ സുഹൃത്തുക്കളായ നൗഷാദ് (32), ജാഫർ (30), സതീഷ് (35), ഹൈദറലി (60), ഷെഫീഖ് (24), അൻസാദ് (26), സാദിക്കലി ( 32), ജുനൈദ് (30), ജംഷീദ് (28), ഉസ്മാൻ (50), മുഹമ്മദ് ജസീം (28), അൻവർ (42), റഫീഖ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാട്ടാനയുടെ ആക്രമണത്തിലാണ് ജംഷീറിന് പരിക്കേറ്റതെന്നു പറഞ്ഞ് സുഹൃത്തുക്കൾ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ മരണം നേരത്തെ നടന്നതായി ഡോക്ടർ സ്ഥിരീകരിച്ചു. ആന ആക്രമിച്ചതിന്റേതായ അടയാളങ്ങൾ ദേഹത്ത് കാണാത്തതും സംഭവ സ്ഥലത്ത് വനപാലകരും പൊലീസും നടത്തിയ അന്വേഷണത്തിൽ കാട്ടാന ആക്രമണത്തിന്റെ സാധ്യതകൾ തള്ളിയതോടെയുമായിരുന്നു മരണത്തിൽ സംശയംമുയർന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നായാട്ടിനു പോയ സംഘം മാനിനെ വെടി വെക്കുന്നതിനിടെ അബദ്ധത്തിൽ ജംഷീറിന് വെടിയേറ്റെന്നാണ് പ്രതികൾ നൽകിയ മൊഴി. പരിക്കേറ്റ ജംഷീറിനെ വീടിന് സമീപത്തെ തേയിലക്കാട്ടിൽ കൊണ്ടുവന്നശേഷം വയറ്റിലുള്ള തിര കത്തികൊണ്ട് പുറത്തെടുക്കുകയും അവിടെ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. തുടർന്ന് ആനയുടെ ആക്രമണത്തിലാണ് പരിക്കേറ്റതെന്നാണ് ആശുപത്രിയിലും പൊലീസിനോടും വനപാലകരോടും പ്രതികൾ പറഞ്ഞത്.
ഗൂഡല്ലൂർ, ദേവാല ഡിവൈ.എസ്.പിമാരായ വസന്തകുമാർ, ശരവണകുമാർ, നാലു സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസന്വേഷിച്ചത്. ഇവരിൽനിന്ന് മൂന്ന് നാടൻ തോക്കുകളും വെടിമരുന്നുകളും മറ്റ് നായാട്ടിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

