വീട്ടമ്മയെ ഭർത്താവ് കുത്തിപ്പരിക്കേൽപിച്ചു
text_fieldsമൂവാറ്റുപുഴ: കുടുംബവഴക്കിനെത്തുടർന്ന് മാറി താമസിച്ചുവന്ന വീട്ടമ്മയെ ഭർത്താവ് കുത്തിപ്പരിക്കേൽപിച്ചു. നിരപ്പ് ഒഴുപാറ പാമ്പാക്കുട ചാലിൽ അലിയാണ് ഭാര്യ സറീനയെ (43) കത്തിക്ക് കുത്തിയത്. ഗുരുതര പരിക്കേറ്റ ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 2.30ഓടെ രണ്ടാർകരയിലെ മാസ് പ്ലൈവുഡ് കമ്പനിയിലായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് സറീന ഇളയ രണ്ട് മക്കൾക്കൊപ്പം രണ്ടാർകരയിൽ വാടകക്ക് താമസിക്കുകയാണ്. അടുത്തുതന്നെയുള്ള കമ്പനിയിൽ ഹെൽപറായി ജോലി ചെയ്തിരുന്നു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് കമ്പനിയിൽ എത്തിയ അലി, ജോലി ചെയ്തുനിൽക്കുകയായിരുന്ന ഇവരെ പിന്നിലൂടെ എത്തി കുത്തുകയായിരുന്നു. പുറത്ത് കുത്തേറ്റ ഇവർ കുഴഞ്ഞുവീണു. കൂടെ ജോലിചെയ്യുന്ന തൊഴിലാളികൾ സംഭവം കണ്ട് ഒച്ചവെച്ചതോടെ ഇയാൾ ഓടിമറഞ്ഞു. മുമ്പ് ഇയാൾ കമ്പനിയിൽ എത്തി ഇവരെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നുണ്ട്. മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

