
representative image
സ്കൂട്ടർ യാത്രക്കിടെ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു
text_fieldsകൊടുങ്ങല്ലൂർ (തൃശൂർ): എറിയാട് സ്ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് അക്രമത്തിനിരയായത്. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ. മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.
വ്യാഴായ്ച രാത്രി എട്ടിനാണ് സംഭവം. എറിയാട് കേരള വർമ്മ സ്ക്കൂളിന് സമീപമുള്ള വസ്ത്രാലയം അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പെടുന്നനെ അക്രമം നടത്തുകയായിരുന്നു.
അതുവഴി വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സ്ഥലംവിട്ടു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമീപവാസിയായ യുവാവാണ് വെട്ടിയതെന്നാണ് സൂചന. ഇയാൾക്കെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു.
