പാർസലിൽ ഓർഡർ ചെയ്ത എല്ലാ സാധനങ്ങളുമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ വെട്ടി; നാലുപേർ പിടിയിൽ
text_fieldsതിരുവനന്തപുരം: പാർസലിൽ ഓർഡർ ചെയ്ത എല്ലാ സാധനങ്ങളുമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ വെട്ടിപ്പരിക്കേൽപ്പിച്ച ആറംഗ സംഘത്തിലെ നാലുപേർ പിടിയിൽ. ഒളിവിലായിരുന്ന വെട്ടൂർ സ്വദേശി റിക്കാസ് മോൻ, കോരാണി സ്വദേശി ഉണ്ണി എന്ന ബിജു, പാലച്ചിറ സ്വദേശി കിട്ടൂസ്, ശ്രീക്കുട്ടൻ എന്ന ശ്രീജിത്ത് എന്നിവരാണ് വർക്കല പൊലീസിന്റെ പിടിയിലായത്. രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്.
ഡിസംബര്‍ 17ന് രാത്രിയായിരുന്നു സംഭവം. വർക്കല ആർ.ടി.ഒ ഓഫിസിന് സമീപം പ്രവർത്തിക്കുന്ന സംസം ഹോട്ടൽ ഉടമ നൗഷാദിനാണ് (47) വെട്ടേറ്റത്. ഇവർ ഹോട്ടലിൽനിന്ന് ഭക്ഷണം പാർസൽ വാങ്ങിയിരുന്നു. ഓർഡർ ചെയ്ത എല്ലാ സാധനങ്ങളും പാർസലിൽ ഉൾപ്പെടുത്തിയില്ല എന്നാരോപിച്ച് ഹോട്ടലിൽ എത്തിയ സംഘം നൗഷാദുമായി വഴക്കിട്ടു. ഹോട്ടൽ അടക്കുന്ന സമയത്ത് വീണ്ടുമെത്തി അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്തു.
പൊലീസിൽ വിവരമറിയിക്കാൻ ശ്രമിച്ചപ്പോൾ നൗഷാദിന്റെ മൊബൈൽ ഫോൺ സംഘം പിടിച്ചുവാങ്ങുകയും വീണ്ടും മർദിക്കുകയും ചെയ്തു. അവസാനം കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. പരിക്കേറ്റ നൗഷാദ് ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

