മയക്കുമരുന്ന് വ്യാപാരസംഘത്തിലെ പ്രധാനി അറസ്റ്റിൽ
text_fieldsറാമി ഇസുൽദിൻ ആദം അബ്ദുല്ല
കൊല്ലം: കൊല്ലം ബസ് സ്റ്റാൻഡിന് സമീപം യുവാവിൽനിന്ന് എം.ഡി.എം.എ പിടികൂടിയ കേസിൽ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാനിയായ സുഡാൻ സ്വദേശിയെ ഈസ്റ്റ് പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടി. റാമി ഇസുൽദിൻ ആദം അബ്ദുല്ല (23) ആണ് അറസ്റ്റിലായത്. കഴിഞ്ഞ എട്ടിന് ജില്ല ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പട്ടാണിത്തങ്ങൾ നഗർ ബാദുഷാ മൻസിലിൽ ബാദുഷ (23) കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് 75 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായിരുന്നു.
തുടർന്ന് സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ നിർദേശപ്രകാരം കൊല്ലം എ.സി.പി പ്രദീപിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റാമി പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് ഇവർക്ക് ഇടനിലക്കാരിയായി പ്രവർത്തിച്ച ആസ് (21) എന്ന യുവതിയെ നേരേത്തതന്നെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാമിയെ അറസ്റ്റ് ചെയ്യാനായത്.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് മാഫിയസംഘത്തിലെ പ്രധാനിയാണ് റാമി. വ്യവയായിക അടിസ്ഥാനത്തിൽ മയക്കുമരുന്ന് ശേഖരിച്ച് ഇടനിലക്കാർ വഴി മറ്റ് സംസ്ഥാനങ്ങളിൽ എത്തിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. കൊല്ലം സിറ്റി പൊലീസ് പരിധിയിൽ കാമ്പസുകളിലും മറ്റും മയക്കുമരുന്നുകൾ വിതരണം നടത്തുന്ന സംഘങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ 9497980220 എന്ന നമ്പറിൽ ഫോൺകാളിലൂടെയോ വാട്സ്ആപ് സന്ദേശമായോ കൈമാറാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

