കമ്മട്ടിപ്പാടത്ത് വീടുകയറി ആക്രമണത്തിനെത്തിയ സംഘം അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കൊച്ചി: കമ്മട്ടിപ്പാടത്ത് വീടുകയറി ആക്രമിക്കാനെത്തിയ അഞ്ചംഗ സംഘം ആയുധശേഖരവുമായി പിടിയില്‍. ഉദയ കോളനി ഹൗസ് നമ്പര്‍ 24ല്‍ ഷഫീഖ് (23), കടവന്ത്ര ജി.സി.ഡി.എ ഹൗസ് നമ്പര്‍-എട്ടില്‍ അഖില്‍ (24), കരിത്തല കോളനി ഹൗസ് നമ്പര്‍ 11ല്‍ റിതുല്‍ (24), സഹോദരന് മിതുല്‍ (21), ചിലവന്നൂര്‍ റോഡ് കോര്പറേഷന് കോളനിയിലെ സുജീഷ് (23) എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 7.15ന് കമ്മട്ടിപ്പാടം മുണ്ടംപിള്ളി സനല്‍ സ്റ്റാന്ലിയെന്നയാളുടെ വീട്ടിലായിരുന്നു അതിക്രമം. ഉദയ കോളനിക്ക് സമീപം നിർത്തിയിട്ടിരുന്ന സനലിെൻറ ഓട്ടോയിലിരുന്ന് പ്രതികള്‍ സ്ഥിരമായി മദ്യപിച്ചിരുന്നു. ഇത് ചോദ്യംചെയ്തതില്‍ പ്രതികള്‍ക്ക് മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ആയുധവുമായി സ്റ്റാന്‍ലിയുടെ വീട്ടില്‍ സംഘമെത്തി. ഈ സമയം സനലിെൻറ അമ്മ നാന്‍സി സ്റ്റാന്‍ലിയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചുകയറി നാന്‍സിയെ അസഭ്യം പറയുകയായിരുന്നു. അയല്‍വാസികള്‍ ഓടിക്കൂടിയതോടെ സംഘം കടന്നുകളഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ എ.സി.പി കെ. ലാല്‍ജി, കടവന്ത്ര പൊലീസ് ഇന്‍സ്പെക്ടര്‍ എം. അന്‍വർ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് അഞ്ച് പ്രതികളും പിടിയിലായത്. പ്രതികളുടെ കൈയില്‍നിന്ന് എയര്‍ഗണ്ണും വടിവാളുകളും പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ നേരത്തേയും അടിപിടി കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.