സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
text_fieldsപാൽഘർ: ആൺസുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട ശേഷം പെൺകുട്ടിയെ രണ്ട് യുവാക്കൾ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ പാൽഘറിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. മുംബൈ സ്വദേശികളായ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തിനൊപ്പം കുന്നിൻ ചരിവിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. ഇതിനിടെ ഇരുവരെയും പ്രതികൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും തർക്കമുണ്ടാവുകയും ചെയ്തു. ഇതോടെ പ്രതികളിലൊരാൾ ബിയർ കുപ്പി ഉപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തിന്റെ തലക്കടിക്കുകയും വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിടുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പെൺകുട്ടി വീട്ടിൽ മടങ്ങിയെത്തിയ ശേഷം പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയാണ് സുഹൃത്തിനെ മോചിപ്പിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ഇരുവരെയും മാർച്ച് 27 വരെ റിമാഡ് ചെയ്തു.