കാറിലെത്തിയ സംഘം കടയുടമയെയും ജീവനക്കാരനെയും മർദിച്ചു
text_fieldsജീവനക്കാരനെ മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യം
പാറശ്ശാല: ഉദിയന്‍കുളങ്ങരയില്‍ കാറിലെത്തിയ സംഘം കടയുടമയെയും ജീവനക്കാരനെയും മർദിച്ചതായി പരാതി. പരശുവയ്ക്കല്‍ നാവചയ്ക്കല്വിള വീട്ടില്‍ ശ്യാം (32), ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരന് നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി സുജിത്ത് (30) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് ഉദിയന്‍കുളങ്ങര പൊഴിയൂര്‍ റോഡില്‍ മുത്തുമ്മാരിയമ്മന് ക്ഷേത്രത്തിന് എതിര്‍വശത്ത് ശ്യാമിന്റെ ഉടമസ്ഥതയിലുള്ള കളര്‍ ഷെയ്ഡ് ഫ്ലക്സ് പ്രിന്റിങ് ഷോപ്പിലാണ് ആക്രമണമുണ്ടായത്. കടയുടെ മുന്നില്‍ സംഘം കാര്‍ പാർക്ക് ചെയ്തതിനെതുടര്‍ന്ന് തിരക്കേറിയ പൊഴിയൂര്‍ റോഡില്‍ ഗതാഗതക്കുരുക്ക് നേരിട്ടിരുന്നു. ജീവനക്കാരന് പുറത്തിറങ്ങി അത് വീക്ഷിച്ചതിനുശേഷം തന്റെ ജോലി തുടരുന്നതിനിടെ കടക്കുള്ളില്‍ പ്രവേശിച്ച മൂന്നംഗസംഘം സുജിത്തിനെ മർദിക്കുകയായിരുന്നു. ഭീതിപൂണ്ട ശ്യാമിന്റെ ഭാര്യ ശ്യാമിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് നാട്ടുകാരും ഉടമയും ചേര്‍ന്ന് ജീവനക്കാരനെ മർദിച്ച വിവരം തിരക്കി. അവിടെനിന്ന് ഉടന്‍ രക്ഷപ്പെട്ട സംഘം രാത്രിയോടെ ശ്യാമിന്റെ വീട്ടിന് മുന്നിലെത്തി ശ്യാമിനെ മർദിക്കുകയും ഇരുചക്ര വാഹനം ചവിട്ടി തള്ളുകയും ചെയ്തു. തുടര്‍ന്ന് മർദനമേറ്റ ഇരുവരും പാറശ്ശാല താലൂക്ക് ഗവ. ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയില്‍ ചികിത്സതേടി. ആക്രമണത്തില്‍ കടയിലെ കമ്പ്യൂട്ടര്‍, ചെയര്‍ തുടങ്ങിയവയും നശിപ്പിച്ചു. പാറശ്ശാല പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

