കളി കാര്യമായി, കൈയാങ്കളി അവസാനിച്ചത് കൊലപാതകത്തിൽ
text_fieldsതിരുവനന്തപുരം തൈക്കാട് കൊലപാതകം നടന്ന സ്ഥലം പൊലീസ് ടാർപോളിൻ
ഉപയോഗിച്ച് മൂടിയിരിക്കുന്നു
തിരുവനന്തപുരം: ഫുട്ബാൾ ടൂർണമെന്‍റുമായി ബന്ധപ്പെട്ട് മത്സരത്തെചൊല്ലി ഒരുമാസമായി നീണ്ട തർക്കം ഒടുവിൽ കലാശിച്ചത് കൊലപാതകത്തിൽ. രാജാജി നഗറിലെ കുട്ടികളും പൂജപ്പുര ജഗതി കോളനിയിലെ കുട്ടികളും തമ്മിൽ ഫുട്ബാൾ മത്സരത്തിന്‍റെ പേരിലുണ്ടായ തർക്കമാണ് മുതിർന്നവർ ഇടപെട്ട് തമ്പാനൂർ തോപ്പിൽ വാടകയ്ക്കു താമസിക്കുന്ന അലന്‍റെ (18) മരണത്തിന് ഇടയാക്കിയത്. ഇരുവിഭാഗങ്ങളും തമ്മിൽ പലപ്പോഴും സ്കൂൾ പരിസരത്തും അല്ലാതെയും ചെറിയ തർക്കങ്ങളും സംഘട്ടനങ്ങളും ഉണ്ടായപ്പോഴും ഇതൊന്നും റിപ്പോർട്ട് ചെയ്യാതെ, ഇടപെടാതെ വിട്ടയച്ച പൊലീസിന്‍റെ രഹസ്യാന്വേഷണവിഭാഗത്തിനും ഗുരുതര വീഴ്ച സംഭവിച്ചു.
മോഡൽ സ്കൂൾ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്നും ഇവർ സ്കൂൾ മുതലുകൾ നശിപ്പിക്കുന്നെന്നും സ്കൂൾ അധികൃതർ പലതവണ പരാതി നൽകിയിട്ടും കാര്യമായ നടപടി പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് അധ്യാപകർ പറയുന്നു. വിദ്യാർഥികളെ പുറമെ നിന്നുള്ളവർ നിയന്ത്രിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഇത്തരത്തിൽ സ്കൂളിലുണ്ടായ ചെറിയ തർക്കമാണ് കാപ്പ കേസിലെ പ്രതിയടക്കം ഇടപെടാൻ ഇടയാക്കിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ, നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരമാണ് ഇരു വിഭാഗവും തൈക്കാട് ശാസ്താക്ഷേത്രത്തിന് സമീപത്തെ ട്രാസ്‌ഫോമറിന് മുന്നിലെത്തിയത്.
സ്‌കൂളിലെ സംഘർഷത്തിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയാണ് ഇരുകൂട്ടരും എത്തിയത്. മുതിർന്നവർ ആയുധവും കൈയിൽ കരുതിയിരുന്നു. പ്രകോപനമുണ്ടായാൽ ആക്രമിക്കാനായിരുന്നു ലക്ഷ്യം. സംസാരം നടക്കുന്നിടെയാണ് ഒന്നും രണ്ടും പറഞ്ഞ് വാക്കുതർക്കമുണ്ടായത്. ഇതിനിടെ കൈയാങ്കളി തുടങ്ങി. എതിർവിഭാഗത്തിലെ ഒരു യുവാവ് ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് അലന്‍റെ ഇടനെഞ്ചിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു.
അലന്‍റെ കൊലപാതകത്തിന് പകരം ചോദിക്കാനുള്ള നീക്കങ്ങളും ഒരുവിഭാഗം ആരംഭിച്ചിട്ടുണ്ട്. ഇത് തടയാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രിമിനൽ കേസിലെ പ്രതികളെയടക്കം പൊലീസ് നിരീക്ഷിച്ച് വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

