സ്ത്രീയെ കാറിടിച്ച് പരിക്കേൽപിച്ചശേഷം കടന്നുകളഞ്ഞ ഡ്രൈവർ പിടിയിൽ
text_fieldsമുഹമ്മദ്
ഇർഫാൻ
ബാലുശ്ശേരി: സംസ്ഥാന പാതയിൽ ഗോകുലം കോളജിനു മുന്നിൽ വെച്ച് റോഡ് മുറിച്ചുകടന്ന സ്ത്രീയെ അമിതവേഗത്തിലെത്തിയ കാറിടിച്ച് പരിക്കേൽപിച്ചശേഷം കടന്നുകളഞ്ഞ കാർ ഡ്രൈവറെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇടിച്ച കാറും കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ചിരുന്ന കൂമ്പാറ പുതുക്കാത്തൊടി മുഹമ്മദ് ഇർഫാനെയാണ് (26) കസ്റ്റഡിയിലെടുത്തത്. കൂമ്പാറ സ്വദേശി മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.
കഴിഞ്ഞ 25ന് ഉച്ചയോടെയാണ് സംഭവം. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചതിന്റെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണ് തൃക്കുറ്റിശ്ശേരി സത്യഭാമക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടി. അപകടം നടന്നയുടനെ ഇയാൾ കടന്നുകളയുകയായിരുന്നു. എസ്.ഐ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ മുഹമ്മദ് പുതുശ്ശേരി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് ജംഷിദ്, അനൂപ്, ഷനോജ് എന്നിവരടങ്ങിയ സംഘം ബാലുശ്ശേരി അങ്ങാടി മുതൽ ഉള്ള്യേരി വരെയുള്ള ഇരുപതോളം സി.സി കാമറകൾ പരിശോധിച്ച ശേഷമാണ് കാറും ഡ്രൈവറെയും കണ്ടെത്തിയത്.

