യുവാവിനെ ലോക്കപ്പിൽ കെട്ടിയിട്ട് മർദിച്ച ഡെപ്യൂട്ടി റേഞ്ചറെ സസ്പെൻഡ് ചെയ്തു
text_fieldsപുനലൂർ: യുവാവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഡെപ്യൂട്ടി റേഞ്ചറെ വനം വകുപ്പ് സസ്പെൻഡ് ചെയ്തു. ആര്യങ്കാവ് കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷനിലെ മുൻ ഡെപ്യൂട്ടി റേഞ്ചർ എ. ജിൽസണെയാണ് സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി റേഞ്ചർ ഇപ്പോൾ കുത്തൂപ്പുഴ ഡിപ്പോയിൽ ജോലി ചെയ്യുകയാണ്. കഴിഞ്ഞ നവംബർ 18ന് വൈകീട്ടായിരുന്നു സംഭവം. ആര്യങ്കാവ് പുതുശ്ശേരി വീട്ടിൽ സന്ദീപ് മാത്യുവിനാണ് മർദനമേറ്റത്.
കടമാൻപാറ ചന്ദനത്തോട്ടത്തിനു സമീപമുള്ള ഇയാളുടെ കൃഷിയിടത്തിൽ ഓട്ടോയിൽ പോയി മടങ്ങിവരവെയാണ് വനപാലകർ ഓട്ടോ തടഞ്ഞുനിർത്തി സന്ദീപിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചത്. സംഭവമറിഞ്ഞ് ജനരോഷമുയർന്നതോടെ തെന്മല പൊലീസെത്തിയാണ് യുവാവിനെ മോചിപ്പിച്ചത്. മൂക്കിന് സാരമായി പരിക്കേറ്റ യുവാവ് രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. സംഭവത്തെ തുടർന്ന് വനപാലകർക്കെതിരെ വൻ പ്രതിഷേധമുയർന്നു.
ഇതോടെ, ജിൽസണെ സ്ഥലം മാറ്റി. വനം മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

