കൊച്ചി പുറംകടലിൽ രാജ്യംകണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; 12,000 കോടി വിലമതിക്കുന്ന മെതാംഫെറ്റാമിൻ പിടികൂടി
text_fieldsനാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടിയ രണ്ടര ടൺ മയക്കുമരുന്ന് ഉദ്യോഗസ്ഥർ കൊച്ചിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ, ഇൻസൈറ്റിൽ മയക്കുമരുന്നുമായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടിയയാൾ ഫോട്ടോ- അഷ്കർ ഒരുമനയൂർ
കൊച്ചി: 12,000 കോടി രൂപ വിലമതിക്കുന്ന 2500 കിലോഗ്രാം മെതാംഫെറ്റാമിൻ എന്ന മയക്കുമരുന്ന് നാവിക സേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് കൊച്ചി തീരത്തുന്നിന്ന് പിടികൂടി. ഇത് കടത്തുകയായിരുന്ന സ്പീഡ് ബോട്ട് ഓടിച്ചിരുന്ന പാകിസ്താനിയെന്ന് സംശയിക്കുന്നയാളെയും പിടികൂടിയിട്ടുണ്ട്. രാജ്യംകണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് മയക്കുമരുന്ന് കടത്ത് കണ്ടെത്താൻ ആരംഭിച്ച ഓപറേഷൻ സമുദ്രഗുപ്ത് പദ്ധതിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഒപറേഷൻസ്) സഞ്ജയ് കുമാർ സിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കലർപ്പില്ലാത്ത മയക്കുമരുന്ന് പാകിസ്താനിൽനിന്ന് ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്നു എന്നാണ് കരുതുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) ഇന്ത്യൻ നേവിയും സംയുക്തമായി നടത്തിയ പ്രവർത്തന ഫലമായാണ് ഇത്രയും വലിയ മയക്കുമരുന്ന് ശേഖരം പിടികൂടാനായതെന്ന് സഞ്ജയ് കുമാർ സിങ് പറഞ്ഞു.
പാകിസ്താനിലെ മക്രാൻ തീരത്തുനിന്ന് വൻതോതിൽ മെതാംഫെറ്റാമിൻ വഹിച്ച് കപ്പൽ പുറപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് നടത്തിയ സൂക്ഷ്മ നിരീക്ഷണത്തിൽ കപ്പൽ പോകാൻ സാധ്യതയുള്ള റൂട്ട് തിരിച്ചറിയാൻ സാധിച്ചു. അതനുസരിച്ച് നാവികസേനയും നാവിക കപ്പലും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കപ്പൽ കണ്ടെത്തിയത്.
കപ്പലിൽനിന്ന് 134 ചാക്ക് മെതാംഫെറ്റാമിനാണ് കണ്ടെടുത്തത്. കപ്പലിൽനിന്ന് കണ്ടെടുത്ത ചാക്കുകെട്ടുകളും മറ്റ് ചില വസ്തുക്കളും ശനിയാഴ്ച കൊച്ചി മട്ടാഞ്ചേരി വാർഫിൽ എത്തിച്ച് നാർകോട്ടിക് ബ്യൂറോക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

