അറുകൊലയിൽ നടുങ്ങി നാട്
text_fieldsകൊലപാതകം നടന്ന വീടിന് മുന്നിൽ തടിച്ചുകൂടിയ ജനം
പുൽപള്ളി: യുവാവിന്റെ കൊലപാതകം നാടിനെ നടുക്കി. പുൽപള്ളി കല്ലുവയൽ കതവാക്കുന്നിലെ തെക്കേക്കര വീട്ടിൽ അമൽദാസ് (22) കോടാലികൊണ്ട് തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പിതാവ് ശിവദാസാണെന്ന് വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർ.
ദരിദ്ര പശ്ചാത്തലവും പണി പൂർത്തിയാകാത്ത വീടുമാണ് ഈ കുടുംബത്തിനുള്ളത്. ശിവദാസൻ പലപ്പോഴും കൂലിപ്പണിക്ക് പോകുമായിരുന്നു. ആകെ നാൽപതു സെന്റ് സ്ഥലം മാത്രമാണുള്ളത്. നന്ദു എന്ന് നാട്ടുകാർ വിളിച്ചിരുന്ന അമൽദാസ് സിമന്റ്, റിങ് വർക്കുകൾ, വർക് ഷോപ്പ് ജോലി, പെയിന്റിങ് എന്നിവ ചെയ്യുമായിരുന്നു. പൊതുവെ ശാന്തപ്രകൃതക്കാരനാണ്. അമ്മ ഗോവയിൽ ഹോംനഴ്സ് ആയി ജോലി ചെയ്യുന്നു.
അവധിക്ക് വന്നിട്ട് ഒരാഴ്ച ആയിട്ടുള്ളൂ. സഹോദരി കാവ്യ മീനങ്ങാടിയിൽ ലബോറട്ടറി ടെക്നീഷ്യൻ ആയി ജോലി ചെയ്യുന്നു. തന്റെ ഭാര്യ ജോലിക്ക് പോകുന്നത് ശിവദാസിന് ഇഷ്ടമല്ലായിരുന്നു. ഇതുസംബന്ധിച്ച് കുടുംബത്തിൽ വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. കബനിഗിരിയിലെ പിതൃഭവനത്തിൽ പോയ സരോജിനിക്കും സഹോദരി കാവ്യക്കും അമൽ തിങ്കളാഴ്ച രാവിലെ ഫോൺ ചെയ്ത് വീട്ടുകാര്യങ്ങൾ പറഞ്ഞതാണ് ശിവദാസിനെ പ്രകോപിപ്പിച്ചത്. അതിനെ തുടർന്ന് തൊട്ടടുത്ത് കിടന്ന കോടാലിയെടുത്ത് നന്ദുവിന്റെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പറയുന്നത്.

