റബർതോട്ടത്തിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്: മൂന്നുപേർകൂടി പിടിയിൽ
text_fieldsമുഹമ്മദ്
മോഫൂർ അലി
കിഴക്കമ്പലം: നെല്ലാട് വീട്ടൂരലൈ റബർ തോട്ടത്തിൽ ഐരാപുരം സ്വദേശി എൽദോസിനെ കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശി ഉൾപ്പെടെ മൂന്നുപേർ കൂടി പിടിയിൽ. മുഹമ്മദ് മോഫൂർ അലി (ലംബോ ഭായി -37), രായമംഗലം കീഴില്ലം വട്ടപ്പറമ്പിൽ എൽദോസ് (53), മകൻ ബേസിൽ (19) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി സാജു പൗലോസിനെ (60) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം നാലായി.
സാജുവിന്റെ സഹോദരനായ എൽദോസിനെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും ബേസിലിനെ പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്. മൂവരെയും മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു. ബേസിലിനെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി.
സാജുവും മോഫൂർ അലിയും ചേർന്നാണ് എൽദോസിനെ റബർ തോട്ടത്തിൽ കൊണ്ടുവന്ന് മർദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സാജുവിന്റെ മകൻ ഒരു വർഷം മുമ്പ് കൊല്ലപ്പെട്ടിരുന്നു. ഇതിലെ പ്രതിയെ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിലെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് സാജു പറഞ്ഞു. ഇതുസംബന്ധിച്ച് ഇവർ തമ്മിൽ പണമിടപാട് നടന്നതായി സൂചനയുണ്ട്.
18ന് വൈകീട്ട് തൃക്കളത്തൂരിൽനിന്നാണ് എൽദോസിനെ ഓട്ടോറിക്ഷയിൽ കയറ്റി റബർ തോട്ടത്തിലെത്തിച്ച് കൊലപ്പെടുത്തിയത്. 19ന് രാവിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പൊലീസിന്റെ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടനായി. നാട്ടിലേക്ക് കടക്കാനുള്ള തയാറെടുപ്പിനിടെ കീഴില്ലം ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിൽനിന്നാണ് അസം സ്വദേശി പിടിയിലായത്. സാജുവിന്റെ സഹോദരന്റെ വീട്ടിലെ ജോലിക്കാരനാണ് ഇയാൾ. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി പി.പി. ഷംസ്, ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്.ഐമാരായ എ.എൽ. അഭിലാഷ്, ആർ. ഹരിദാസ്, എ.എസ്.ഐമാരായ ജെ. സജി, എൻ. വേണുഗോപാൽ, എൻ.കെ. ജേക്കബ്, കെ.എ. നൗഷാദ്, എസ്.സി.പിഒമാരായ ടി.എ. അഫ്സൽ, വർഗീസ് ടി. വേണാട്ട്, പി.കെ. ശ്രീജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

