ദുരൂഹ മരണം ഹൃദയസ്തംഭനമാക്കി; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും
text_fieldsഅഞ്ചൽ: ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടയാളിനെ നിയമ നടപടി സ്വീകരിക്കാതെ സംസ്കരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.ബന്ധുുക്കളുടെ പരാതിയെ തുടർന്നാണ് നടപടി. മരിച്ചയാളിന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മാർട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു. തടിക്കാട് കൈതക്കെട്ടിൽ മാഹിൻ മൽസിലിൽ ബദറുദ്ദീന്‍റെ ( 52 ) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത്. കഴിഞ്ഞ
ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ബദറുദ്ദീനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഭാര്യയും മക്കളും കാണുന്നത്.ഉടൻ തന്നെ സമീപവാസിയായ അടുത്ത ബന്ധുവും മക്കളും ചേർന്ന് പുനലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്താതെ പകുതി വഴിയിൽ തിരിച്ചെത്തുകയും ഹൃദയാഘാതം വന്ന് മരിച്ചതാണെന്ന് ബന്ധുക്കളേയും നാട്ടുകാരേയും ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് വൈകീട്ടോടെ തടിക്കാട് പള്ളിയിൽ സംസ്കരിക്കുകയും ചെയ്തു.
വിവരമറിഞ്ഞ ബദറുദ്ദീന്റെ ഗൾഫിലുള്ള സഹോദരിമാർ പുനലൂർ ഡി.വൈ.എസ്.പിക്ക് പരാതി നൽകി. .ബദറുദ്ദീന്‍റെ മക്കളെ ചോദ്യം ചെയ്തപ്പോൾ തൂങ്ങി മരിച്ചതാണെന്നും പിതാവിനെ പോസ്റ്റ്മോർട്ടം ചെയ്യാൻ കീറി മുറിക്കുന്നതിലുള്ള മനോവിഷമത്താലാണ് വിവരം മറച്ചു വച്ച തെന്നും പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ പുനലൂർ ആർ.ഡി.ഒ, തഹസീൽദാർ, ഫോറൻസിക് വിദഗ്ദ്ധദ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ തടിക്കാട് മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ നിന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കയയ്ക്കുമെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു. .