'അന്ത്യചുംബന'ത്തിനായി സെൽവൻ ഇന്ന് അമ്മയെ ഏറ്റുവാങ്ങും
text_fieldsകൊച്ചി: ഇലന്തൂരിൽ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ഞായറാഴ്ച ബന്ധുക്കൾക്ക് കൈമാറും. പത്മയുടേതും റോസ്ലിന്റേതുമാണ് മൃതദേഹങ്ങളെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ഡി.എൻ.എ ടെസ്റ്റുകളടക്കമുള്ള നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായതിന് പിന്നാലെയാണ് നടപടി.
ശനിയാഴ്ച വൈകീട്ടോടെ കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹം ഏറ്റുവാങ്ങാനെത്തണമെന്ന് പത്മയുടെ മകൻ സെൽവരാജിനെ അന്വേഷണസംഘം അറിയിച്ചിരുന്നു. എന്നാൽ, വൈകീട്ട് മൃതദേഹം വിട്ടുകിട്ടിയാൽ നാടായ തമിഴ്നാട്ടിലെ ധർമപുരിയിലെത്തുമ്പോൾ അർധരാത്രി കഴിയും. അത്രയും വൈകിയെത്തുന്നത് പ്രയാസമുണ്ടാക്കുമെന്ന് സെൽവരാജ് അന്വേഷണ സംഘത്തെ അറിയിച്ചു. അതേ തുടർന്നാണ് ഞായറാഴ്ച രാവിലെ ഒമ്പതിന് മുമ്പ് മൃതദേഹം വിട്ടുകൊടുക്കാൻ തീരുമാനമായത്.
ഒമ്പതര മണിക്കൂറിലേറെ യാത്ര ചെയ്താൽ മാത്രമേ വീട്ടിലെത്തുകയുള്ളൂ. അർധരാത്രിയെത്തിയാൽ സംസ്കാരമടക്കമുള്ള ചടങ്ങുകൾക്ക് നേരം വെളുക്കുന്നത് വരെ കാത്തിരിക്കണം. ഇനിയും അമ്മയുടെ ചടങ്ങുകൾ വൈകിപ്പിക്കാനാവില്ല. ആ ആത്മാവിന് ശാന്തികിട്ടണം. വീടിനടുത്തുള്ള പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുകയെന്നും സെൽവരാജ് 'മാധ്യമ'ത്തോട് പറഞ്ഞു. അതിനുള്ള ഒരുക്കം നാട്ടിൽ തുടങ്ങിയിട്ടുണ്ട്.

