ആളുമാറി സംസ്കരിച്ചത് തട്ടിക്കൊണ്ടുപോയ ഇർഷാദിന്‍റെ മൃതദേഹം
text_fieldsകാണാതായ മുത്തു എന്ന ഇര്‍ഷാദ്
പേരാമ്പ്ര: പന്തിരിക്കര സ്വദേശി കോഴിക്കുന്നുമ്മൽ ഇർഷാദിനെ (26) തട്ടിക്കൊണ്ടുപോയ കേസിൽ വഴിത്തിരിവ്. തിക്കോടി കോടിക്കൽ കടപ്പുറത്തു നിന്ന് കണ്ടെത്തി സംസ്കരിച്ച മൃതദേഹം ഇർഷാദിന്റേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞു.
ജൂലൈ 17ന് തിക്കോടി കോടിക്കൽ കടപ്പുറത്തുനിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ജൂൺ ആറിന് കാണാതായ മേപ്പയൂർ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപകിന്റെ മൃതദേഹമെന്നു കരുതി വീട്ടുകാർ ഏറ്റുവാങ്ങി സംസ്കരിച്ചു. ഡി.എൻ.എ പരിശോധനയിൽ മൃതദേഹം ദീപകിന്റേതല്ലെന്ന് സ്ഥിരീകരിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ഇർഷാദിന്റേതാണെന്ന് തെളിഞ്ഞത്.
അതിനിടെ, ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി. കൽപറ്റ കടുമിടുക്കിൽ ജിനാഫ് (31), വൈത്തിരി ചെറുമ്പാല ഷഹീൽ (26) എന്നിവരെയാണ് പേരാമ്പ്ര എ.എസ്.പി ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഇതുവരെ കേസിൽ മൂന്നുപേർ അറസ്റ്റിലായി. കണ്ണൂർ പിണറായി സ്വദേശി മർഹബയിൽ മർസിദ് (32) തിങ്കളാഴ്ച അറസ്റ്റിലായിരുന്നു.
വിദേശത്ത് ജോലി ആവശ്യാർഥം പോയ ഇര്‍ഷാദ് മേയ് 14നാണ് നാട്ടിലെത്തിയത്. അടുത്ത ദിവസംതന്നെ കാണാതായി. രക്ഷിതാക്കളുടെ പരാതിയില്‍ പെരുവണ്ണാമൂഴി പൊലീസ് അന്വേഷിച്ച് 16ന് വീടിനു സമീപം കണ്ടെത്തി പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് പത്തനംതിട്ട സ്വദേശിനിയുടെ സ്വർണം ഇര്‍ഷാദ് വശം ഉണ്ടെന്ന ആരോപണവുമായി സംഘം വീട്ടിലെത്തിയത്.
അത് മധ്യസ്ഥര്‍ മുഖേന പറഞ്ഞുതീര്‍ത്തതാണെന്നും പറയുന്നു. മേയ് 23ന് വീട്ടില്‍നിന്ന് പോയ ഇര്‍ഷാദ് രണ്ടുദിവസം അത്തോളി പറമ്പത്തെ ഭാര്യവീട്ടിലായിരുന്നു. അവിടെനിന്ന് വയനാട്ടിലേക്ക് ജോലിക്കെന്നുപറഞ്ഞ് പോയ യുവാവിനെ കുറിച്ച് പിന്നീട് വിവരമില്ലാതാവുകയായിരുന്നു. ഇര്‍ഷാദിനെ കെട്ടിയിട്ട് മർദിച്ചവശനാക്കിയ നിലയിലുള്ള ഫോട്ടോ ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഇതോടെയാണ് ജൂലൈ 28ന് പെരുവണ്ണാമൂഴി പൊലീസിൽ പരാതി നല്‍കിയത്.