സ്റ്റേഷന് വളപ്പില്‍നിന്ന് ബൈക്ക് മോഷണം പോയി; പിടികൂടിയ പ്രതിയും കടന്നുകളഞ്ഞു
text_fieldsഅഖിൽ,അയ്യപ്പൻ, റിജുമോൻ
അടൂർ: കസ്റ്റഡിയിലിരുന്ന ബൈക്ക് പൊലീസ് സ്റ്റേഷൻ വളപ്പിൽനിന്ന് മോഷണം പോയ കേസിൽ പിടിയിലായ പ്രതി കടന്നുകളഞ്ഞു. പിന്നീട് പൊലീസ് പിടിയിലുമായി. അടൂർ പന്നിവിഴ കൈമലപ്പാറ പുത്തന്‍വീട്ടില്‍ അഖിലാണ് (22) തിങ്കളാഴ്ച രാത്രി കടന്നുകളഞ്ഞത്. സഹായികളായ ആനന്ദപ്പള്ളി അയ്യപ്പ ഭവനിൽ അയ്യപ്പൻ (18), മലയാലപ്പുഴ താഴം എലക്കുളത്ത് നിരവേൽപുത്തൻ വീട്ടിൽ റിജുമോൻ (18) എന്നിവരെയും പിടികൂടി.
ഇളമണ്ണൂര്‍ വടക്കേതോപ്പില്‍ വീട്ടില്‍ സാംകുട്ടിയുടെ ബൈക്ക് കാര്‍പോര്‍ച്ചില്‍നിന്ന് മോഷണം പോയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ബൈക്ക് പറക്കോട് വഴിയരികില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കേസുള്ളതിനാല്‍ ഉടമതന്നെ അതെടുത്ത് അടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടി വാഹനം സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് എപ്പോഴോ സ്റ്റേഷന് വളപ്പില്‍നിന്ന് വാഹനം കാണാതായി. ഒക്ടോബർ 28നാണ് പൊലീസിന്റെ ശ്രദ്ധയില്‍ ഇത് പെടുന്നത്. കസ്റ്റഡിയിലുള്ള ബൈക്ക് മോഷണം പോയ വിവരം രഹസ്യമാക്കി വെച്ച് പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു.
ഇതിനിടെയാണ് ഇതേ ബൈക്കുമായി അഖിലിനെ അടൂർ പൂന്തല ടൂറിസ്റ്റ് ഹോമിന് സമീപത്തെ പേ ആൻഡ് പാർക്കിൽനിന്ന് തിങ്കളാഴ്ച രാത്രി പിടികൂടിയത്. കസ്റ്റഡിയില്‍ എടുക്കുകയും ഒരു മണിക്കൂര്‍ തികയുംമുമ്പ് ഇയാൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇറങ്ങിപ്പോവുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീടിെൻറ പരിസരത്തുനിന്നാണ് വീണ്ടും പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

