മുളകുപൊടി എറിഞ്ഞ് ആക്രമണം, യുവാവിന്‍റെ കാൽ അടിച്ചു തകർത്തു
text_fieldsമുളകുപൊടി എറിഞ്ഞ് യുവാവിനെ ആക്രമിച്ച സംഘം സഞ്ചരിക്കുന്നത് സി.സി.ടി.വി കാമറയിൽ പതിഞ്ഞപ്പോൾ
പുന്നയൂർക്കുളം (തൃശൂർ): തൃപ്പറ്റിൽ മുളകുപൊടി എറിഞ്ഞ് ആക്രമണം നടത്തിയ അക്രമിസംഘം യുവാവിന്‍റെ കാല് അടിച്ചു തകർത്തു. തൃപ്പറ്റ് കല്ലൂർ വീട്ടിൽ ശ്രീനിവാസന്‍റെ മകൻ ശ്രീജിത്തിനാണ് (40) ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച്ച രാവിലെ 8.30ഓടെയാണ് സംഭവം.
തൃപ്പറ്റ് റേഷൻകടക്ക് സമീപത്തുള്ള ചായക്കടയിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. പുലർച്ചെ 5.15നാണ് മൂന്നംഗ ആക്രമിസംഘം സ്കൂട്ടറിലെത്തിയത്. കുറേനേരം ചുറ്റിപ്പറ്റി നിന്ന് ആളൊഴിഞ്ഞ നേരത്ത് ചായക്കടയിൽ കയറി ചായ കുടിക്കുകയും പാർസൽ പറയുകയും ചെയ്തു. തുടർന്ന് വീണ്ടും ചായ പറഞ്ഞു. ഈ സമയത്ത് ഒരാൾ മുളകുപൊടി ശ്രീജിത്തിന്‍റെ കണ്ണിലേക്ക് എറിയുകയും ആക്രമിക്കുകയുമായിരുന്നു.
ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. അടിയിൽ കാലിന് പരിക്കേറ്റ ശ്രീജിത്തിനെ അടുത്ത കടയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൂടുതൽ ചികിത്സക്കായി കുന്നംകുളം ആശുപത്രിയിലേക്ക് കൊണ്ടുപോയി. വടക്കേക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
അക്രമിസംഘം സ്കൂട്ടറിൽ വന്നതിന്‍റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. നേരത്തെ ദൃശ്യമാധ്യമ പ്രവർത്തകനായിരുന്ന ശ്രീജിത്ത്, തണ്ണീർത്തടം നികത്തൽ ഉൾപ്പടെ അനധികൃത നിർമാണങ്ങൾക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. പിന്നീട് പിതാവിനെ സഹായിച്ച് ചായക്കടയിൽ ജോലി ചെയ്യുന്നതിനിടയിൽ വിവരാവകാശ പ്രവർത്തനം തുടർന്നിരുന്നു.