പരോളിലിറങ്ങി മുങ്ങിയ പ്രതി അഞ്ച് വർഷത്തിന് ശേഷം അറസ്റ്റിൽ
text_fieldsഭോപ്പാൽ: പരോളിലിറങ്ങിയതിന് ശേഷം മുങ്ങിയ പ്രതിയെ അഞ്ചുവർഷത്തിന് ശേഷം അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് വിജയ് പഹൽവാൻ (52) എന്നയാളാണ് പരോളിലറങ്ങി പൊലീസിന് പിടികൊടുക്കാതെ ഒളിവിൽപോയത്. ഡൽഹി, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കൊലപാതകം, കൊലപാതകശ്രമം, ലൈംഗികാതിക്രമം തുടങ്ങി 24 കേസുകളിൽ പ്രതിയാണ് വിജയ് പഹൽവാൻ. ക്രിമിനൽ ഗൂഢാലോചന, മോഷണം, ഭീഷണിപ്പെടുത്തൽ, ആയുധം കൈവശംവെക്കൽ തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്.
ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2018 ഏപ്രിലിലാണ് ഇയാൾക്ക് രണ്ട് ദിവസത്തെ പരോൾ ലഭിച്ചത്. പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. വിക്രംസിങ് എന്ന പേരിൽ റായ്പൂരിൽ താമസിക്കുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റായ്പൂരിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയാണ് ഇയാൾ കഴിഞ്ഞത്. തന്റെ സുരക്ഷക്കായി വിജയ് സായുധരായ നാല് അംഗരക്ഷകരെ നിയോഗിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.
2011ൽ ഡൽഹിയിലെ കിഷൻഗഡിൽ നിന്ന് ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലാവുന്നത്.