കാപ്പ ലംഘിച്ച് മലപ്പുറം ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ
text_fieldsപെരുമ്പടപ്പ്: പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് ‘കാപ്പ’ ചുമത്തി നാടുകടത്തിയ പ്രതി വിലക്ക് ലംഘിച്ചെത്തിയതോടെ അറസ്റ്റിൽ.
ജില്ലയിൽ പ്രവേശന വിലക്കുണ്ടായിരുന്ന പാലപ്പെട്ടി പുതിയിരുത്തി സ്വദേശി ആലുങ്ങൽ ഹൗസിൽ അബൂ സാലിഹിനെയാണ് (37) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
പാലപ്പെട്ടി, അജ്മീർ നഗർ, തണ്ണിത്തുറ എന്നിവിടങ്ങളിൽ വധശ്രമം, സംഘം ചേർന്ന് ആക്രമണം, വീടാക്രമിക്കൽ, ലഹരി ഉപയോഗം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട് കുപ്രസിദ്ധനായ അബു സാലിഹിനെ മലപ്പുറം എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം 2022 ഏപ്രിൽ 7 മുതൽ ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

