പീഡനക്കേസ് പ്രതിയെ റിമാൻഡ് ചെയ്തു
text_fieldsപള്ളുരുത്തി: പീഡനക്കേസ് പ്രതിയുടെ ജാമ്യം സുപ്രീംകോടതിയും തള്ളിയതിനെ തുടർന്ന് തോപ്പുംപടി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചുള്ളിക്കൽ നസ്റത്ത് സ്വദേശി ഇബ്രാഹീം അബ്ദുല്ല യൂസുഫ് എന്ന അൽത്താഫാണ് (47) റിമാൻഡിലായത്. 2021 ഡിസംബർ 28ന് 40കാരിയെ ചെല്ലാനം പഞ്ചായത്തിലെ കുതിരക്കൂർ കരിയിലെ ധ്യാൻ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
കണ്ണമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യഘട്ടത്തിൽ മട്ടാഞ്ചേരി അസി. കമീഷണറാണ് അന്വേഷിച്ചത്. പീഡനത്തിനിരയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതിയിൽ പറഞ്ഞതിനെ തുടർന്നാണ് അന്നത്തെ അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ് കേസന്വേഷണം ഏറ്റെടുത്തത്.
അന്വേഷണത്തിൽ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അൽത്താഫിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. സ്വകാര്യ പണമിടപാടുകാരനായ പ്രതിയുടെ പക്കൽനിന്ന് പരാതിക്കാരി 50,000 രൂപ പലിശക്ക് വാങ്ങിയിരുന്നു.പണം തിരികെനൽകാൻ താമസിച്ചതിനെ തുടർന്ന് യുവതിയുമായി തർക്കം ഉണ്ടായതായി പറയുന്നു. തർക്കം പരിഹരിക്കാൻ എന്ന വ്യാജേന റിസോർട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയത്.
തുടർന്ന് പ്രതി നൽകിയ ജാമ്യാപേക്ഷ വിചാരണക്കോടതിയും ഒടുവിൽ ഹൈകോടതിയും തള്ളുകയായിരുന്നു. തുടർന്നാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യം നൽകാൻ വിസമ്മതിച്ച സുപ്രീംകോടതി അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ മുമ്പാകെ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ എസ്.രാജേഷിന്റെ മുന്നിൽ ഹാജരായ പ്രതിയെ തോപ്പുംപടി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

