ഭാര്യയെ കൊന്നത് അയ കെട്ടിയ കയർകൊണ്ടെന്ന് പ്രതി
text_fieldsവൈപ്പിൻ: മുറ്റത്തെ അയയുടെ കയർ കൊണ്ടാണ് ഭാര്യ രമ്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതെന്ന് പ്രതി സജീവിന്‍റെ (44) വെളിപ്പെടുത്തൽ. 10 മിനിറ്റോളം കയർ കഴുത്തിൽ കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു. വീടിന്‍റെ മുകളിലത്തെ നിലയിൽവെച്ച് പകലാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
കൊലപാതകം നടന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ 11.30ഓടെ തെളിവെടുക്കാനെത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. എറണാകുളം എടവനക്കാട് വാച്ചാക്കൽ പഞ്ചായത്തിന് പടിഞ്ഞാറ് വാടകക്ക് താമസിക്കുന്ന അറക്കപറമ്പിൽ സജീവ് (44), നായരമ്പലം നികുത്തിതറ രമേശിന്‍റെ മകൾ രമ്യയെ (36) 15 മാസം മുമ്പാണ് കൊന്ന് കുഴിച്ചുമൂടിയത്. ഏറെനാളായി നിരീക്ഷണത്തിലായിരുന്ന സജീവിനെ വ്യാഴാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
കഴുത്തുമുറുക്കി ഭാര്യ മരിച്ചെന്ന് ഉറപ്പാക്കിയതോടെ മൃതദേഹം വീടിന് താഴെ എത്തിച്ച് സിറ്റൗട്ടിന് സമീപം കുഴിച്ചിടുകയായിരുന്നു. രാത്രി ഏറെ വൈകിയാണ് കുഴി എടുത്തത്.
ആരും ശ്രദ്ധിക്കാതിരിക്കാൻ കുഴിയെടുക്കുന്നഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി. വസ്ത്രങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച കയറും ഭാര്യയുടെ മൊബൈൽ ഫോണും അടുക്കള ഭാഗത്തിട്ട് കത്തിച്ചുകളഞ്ഞു. ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും ഇയാൾ മൊഴി നൽകി. സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെളിവെടുപ്പ് നടപടിക്രമങ്ങൾ വൈകീട്ട് ആറുവരെ നീണ്ടു. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് വൻ ജനക്കൂട്ടമാണ് പ്രദേശത്ത് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

