യുവാക്കളെ മർദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കഠിനംകുളത്ത് യുവാക്കളെ ഹെൽമറ്റും കമ്പിയും കൊണ്ട് മർദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കഠിനംകുളം സ്വദേശി മുഹമ്മദ് ജാസിം (28), പെരുമാതുറ സ്വദേശികളായ ഷാജഹാൻ (28), ജലീൽ (29), ഷാഹിദ് (30), അൽ അമീൻ (38) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പുതുക്കുറിച്ചിയിലാണ് ആക്രമണം നടന്നത്. മേനംകുളം സ്വദേശി വിപിൻ ബിനോയ് (30), അനുജനായ ബെന്നി ബിനോയ് (28) എന്നിവർക്കാണ് മർദനമേറ്റത്.
മുഹമ്മദ് ജാസിമിന് 15,000 രൂപക്ക് പണയമായി വിപിന്റെ ബൈക്ക് നൽകിയിരുന്നു. ബൈക്ക് തിരികെ വാങ്ങാനായി ചെന്നപ്പോൾ 50,000 രൂപ നൽകിയാലേ വാഹനവും രേഖകളും മടക്കി നൽകൂ എന്ന് പറഞ്ഞതോടെ തർക്കമായി. തുടർന്നാണ് മുഹമ്മദ് ജാസിമും സുഹൃത്തുക്കളും ചേർന്ന് ഇവരെ ആക്രമിച്ചത്.
ഹെൽമെറ്റും ഇടിവളയും ഇരുമ്പു പൈപ്പും കൊണ്ടാണ് ആക്രമിച്ചത്. ഇരുവർക്കും സാരമായി പരിക്കേറ്റു. വധശ്രമമടക്കമുള്ള കുറ്റത്തിനാണ് കേസെടുത്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

