ഒളിവിൽ പോയ പോക്സോ കേസ് പ്രതി കീഴടങ്ങി
text_fieldsരമേഷ്
ആലത്തൂർ: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതി ആലത്തൂർ പൊലീസിൽ കീഴടങ്ങി. മാർച്ച് 27നായിരുന്നു കേസിനാസ്പദമായ സംഭവം. ആലത്തൂർ കുമ്പളക്കോട് സ്വദേശിയും സ്റ്റേറ്റ് ഇൻഷൂറൻസ് പാലക്കാട് ജില്ല ഓഫിസിൽ യു.ഡി ക്ലർക്കുമായ രമേഷ് (53) ആണ് തിങ്കളാഴ്ച കീഴടങ്ങിയത്. പരാതിപ്പെട്ട ദിവസം രമേഷ് മണ്ണാർക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്നു.
ആലത്തൂർ പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തുവെന്ന് മനസ്സിലാക്കിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കേസിൽ പ്രതിയായതിനെ തുടർന്ന് ഇൻഷൂറൻസ് വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ജില്ല ശിശുക്ഷേമ സമിതിയുടെ നിർദേശപ്രകാരമാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. ഏപ്രിൽ ഏഴു മുതൽ ഇയാൾ ഒളിവിലായിരുന്നു.
ബന്ധുവീടുകളിലും ചെന്നൈയിലുള്ള സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടർന്ന് ഹൈകോടതിയിൽ നൽകിയ ജാമ്യ ഹരജി തള്ളിയതോടെയാണ് കീഴടങ്ങിയത്. ഹരിദ്വാറിലായിരുന്നു ഇതുവരെയെന്ന് പൊലീസ് പറഞ്ഞു. ആലത്തൂർ കോടതി ഇയാളെ റിമാൻഡ് ചെയ്തു.