നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsപെരുമ്പടപ്പ്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലപ്പെട്ടി തട്ടുപ്പറമ്പ് തെക്കൂട്ട് വീട്ടിൽ മുഹമ്മദ് നബീലിനെയാണ് (26) നാടുകടത്തിയത്.
പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ആയുധമുപയോഗിച്ച് ആക്രമിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മുതലുകൾക്ക് നാശനഷ്ടം വരുത്തൽ, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിരവധി കേസുകളിൽ ഉൾപ്പെട്ട നബീൽ മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്കി തൃശൂർ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിറക്കിയത്.
ഗുണ്ട ആക്രമണങ്ങളെ തടയുന്നതിനായി ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് മുഖേന സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.പ്രതി ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലോ ജില്ല സ്പെഷൽ ബ്രാഞ്ച് ഓഫിസിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

