ഓട്ടോ തടഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം
text_fieldsജോസഫ്
കാസർകോട്: ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരം കോച്ചേരിയിൽ കെ എം ജോസഫിനെയാണ് (58) ജീവപര്യന്തം തടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധികതടവ് അനുഭവിക്കണമെന്ന് കാസർകോട് അഡീഷണൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് വിധിച്ചു.
2014 ജൂൺ 25ന് രാത്രി ചാമുണ്ഡിക്കുന്നിൽ ഓട്ടോയിൽ യാത്രചെയ്ത കെ.ജെ. ബിജു, അരുൺ മോഹൻ എന്നിവരെ ഓട്ടോ തടഞ്ഞുനിർത്തി പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. അരുൺ മോഹൻ ആശുപത്രിയിലേക്കുള്ള വഴിയിൽ മരിച്ചു. ബിജുവിന് ഗുരുതരമായി പരിക്കേറ്റു. കേസിൽ ദൃക്സാക്ഷി കൂറുമാറിയെങ്കിലും പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. വെള്ളരിക്കുണ്ട് ഇൻസ്പെക്ടറായിരുന്ന എം.കെ. സുരേഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഇ. ലോഹിതാക്ഷൻ ഹാജരായി.

