എം.ഡി.എം.എയുമായി തലശ്ശേരി സ്വദേശി പിടിയില്‍
text_fieldsറമീസ്
കണ്ണൂര്‍: 'എം.ഡി.എം.എ' മയക്കുമരുന്നുമായി തലശ്ശേരി സ്വദേശി കണ്ണൂരിൽ പൊലീസ് പിടിയിലായി. കണ്ണൂർ ബാങ്ക് റോഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ തലശ്ശേരി ചിറക്കരയിലെ റഹ്മത്ത് മൻസിലിൽ റമീസിനെയാണ് (32) രണ്ടുഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ സിറ്റി പൊലീസ് മേധാവിയുടെ ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് പിടികൂടിയത്.
കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ മയക്കുമരുന്നിനെതിരായ ഡ്രൈവിന്റെ ഭാഗമായി നാർകോട്ടിക് അസി. കമീഷണർ ജസ്റ്റിൻ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള രഹസ്യ പൊലീസ് സംഘം ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഇയാളെ വലയിലാക്കിയത്. നേരത്തെ ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്ത സുഹൃത്തിന്റെ സഹായത്തോടെ പുതുതലമുറ മയക്കുമരുന്നായ എം.ഡി.എം.എ ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയായിരുന്നു പിടിയിലായ റമീസ്.
കണ്ണൂര്‍ ടൗൺ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി, അഡീഷനൽ എസ്.ഐ രാജീവൻ, എ.എസ്.ഐ മുഹമ്മദ്, സബ് ഇന്‍സ്പെക്ടര്‍മാരായ റാഫി അഹമ്മദ്, മഹിജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിത്ത്, മിഥുൻ, സിവിൽ പൊലീസ് ഓഫിസർമാരായ ബിനു, രാഹുൽ, രജിൽരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.