ഒഡിഷയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത നാലുപേർ ഉൾപ്പെടെ പത്തുപേർ അറസ്റ്റിൽ
text_fieldsകേസിൽ അറസ്റ്റിലായ പ്രതികൾ
ഭുബനേശ്വർ: ഒഡിഷയിലെ ഗോപാലപുർ ബീച്ചിൽ കോളേജ് വിദ്യാർഥിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത നാലുപേർ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവരുടെ അറസ്റ്റ് രേഖപെടുത്തിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഞാറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് യുവതി ബീച്ചിൽ എത്തിയത്. ആൺ സുഹൃത്തിനൊപ്പം ബീച്ചിലേക്കെത്തിയ യുവതിയെ ഒരുകൂട്ടം യുവാക്കൾ ആക്രമിക്കുകയായിരുന്നു. ശേഷം ആൺ സുഹൃത്തിനെ കെട്ടിയിട്ടശേഷം ബീച്ചിന് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി. മൂന്ന് പേർ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ബാക്കിയുള്ളവർ യുവാവിനെ മർദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പത്തുപേരിൽ മൂന്ന് പേരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് (ജെ.ജെ.ബി) കീഴിൽ ഹാജരാക്കുകയും മറ്റ് ആറു പ്രതികളെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രായപൂർത്തിയാകാത്തവരെ വിചാരണസമയത്ത് മുതിർന്നവരായി കണക്കാക്കാൻ പൊലീസ് ജെ.ജെ.ബി ഉദ്യോഗസ്ഥരോട് ആവിശ്യപെട്ടതായും ബെർഹാംപൂർ പൊലീസ് സൂപ്രണ്ട് എം. ശരവണ വിവേക് പറഞ്ഞു.
ഇത് ഒരു ദാരുണമായ സംഭവമാണ്. സുപ്രീം കോടതിയുടെ വിധി പ്രകാരം, 16 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവരെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ മുതിർന്നവരായി വിചാരണ ചെയ്യാം. കേസിൽ അറസ്റ്റിലായ നാല് പ്രായപൂർത്തിയാകാത്ത പ്രതികളും 17 വയസുള്ളവരാണ്. അതിനാലാണ് പൊലീസ് ജെ.ജെ.ബിക്ക് മുമ്പാകെ ഇത്തരമൊരു ആവിശ്യം ഉന്നയിച്ചതെന്ന് ശരവണ വിവേക് കൂട്ടിച്ചേർത്തു.
ബംഗളൂരുവിൽ ജോലി ചെയ്യുന്ന 23 വയസ്സുകാരനാണ് പ്രധാന പ്രതി. ഇയാൾ ബീച്ചിനടുത്തുള്ള സമീപ പ്രദേശത്താണ് താമസിച്ചിരുന്നത്. പ്രതികൾ യുവതിയുടെ സുഹൃത്തിൽ നിന്നും പണം ആവശ്യപ്പെട്ടിരുന്നു. പണമായും യു.പി.ഐ ഇടപാട് വഴിയും സുഹൃത്ത് പ്രതികൾക്ക് പണം നൽകിയതിന്റെ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ആക്രമണത്തിൽ നിന്നും രക്ഷപെട്ട യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. തുടർന്ന് ഗോപാൽപൂർ പൊലീസ് ഭാരതീയ ന്യായ സംഹിത സെക്ഷൻ 70(1) (കൂട്ടബലാത്സംഗം), 296 (അശ്ലീല പ്രവൃത്തികളും പാട്ടുകളും), 351(3) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 310(2) (കൊള്ളയടിക്കൽ കുറ്റകൃത്യം) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
യുവതിയുടെ വൈദ്യപരിശോധനയും ആൺ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസിൽ വേഗത്തിലുള്ള അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും വനിത കമ്മീഷൻ പൊലീസിനോട് ആവിശ്യപെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

