പുത്തൻകാവ് ക്ഷേത്ര കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
text_fieldsമാത്തുക്കുട്ടി
തിരുവല്ല: നെടുമ്പ്രം പുത്തൻകാവ് ദേവിക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴ തലവടി വാഴയിൽ വീട്ടിൽ മാത്തുക്കുട്ടി മത്തായി (വാവച്ചൻ -60) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ നവംബർ 30ന് പുലർച്ചയോടെയായിരുന്നു മോഷണം. ക്ഷേത്രത്തിലെ പ്രധാന നടയുടെയും ഉപദേവത നടകളുടെ മുമ്പിൽ ഉണ്ടായിരുന്ന കാണിക്ക വഞ്ചികൾ അടക്കം കുത്തിത്തുറന്ന് 5,000 രൂപയോളം ഇയാൾ കവർന്നിരുന്നു. ക്ഷേത്രത്തിലെ സിസിടിവിയിൽനിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ പുന്നപ്ര അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നടത്തിയ കവർച്ചയെ തുടർന്ന് രണ്ടാഴ്ച മുമ്പ് മാത്തുക്കുട്ടി പുന്നപ്ര പൊലീസിന്റെ പിടിയിലായി. പുളിക്കീഴ് പൊലീസ് പുന്നപ്ര സ്റ്റേഷനിൽ എത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
തുടർന്ന് ആലപ്പുഴ സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പ്രതിയെ പുളിക്കീഴ് എസ്ഐ കെ സുരേന്ദ്രൻ, സി.പി.ഒ മാരായ സി.ആർ രവി കുമാർ, രഞ്ചു കൃഷ്ണൻ, എസ്. അലോക് എന്നിവർ അടങ്ങുന്ന സംഘം ജയിലിലെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും മോഷണ ശേഷം നാടുവിടുന്നതും പതിവാക്കിയിരുന്നതിനാൽ പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് കാലതാമസം നേരിട്ടിരുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നിരവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

