റെയിൽ പാളത്തിൽ ടെലിഫോൺ പോസ്റ്റ്; അട്ടിമറി ശ്രമമെന്ന് പൊലീസ്
text_fieldsറെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വെച്ച കേസിലെ
പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോൾ
കുണ്ടറ: കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ കുണ്ടറ നെടുമ്പായക്കുളം ഭാഗത്ത് റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ അട്ടിമറി ശ്രമത്തിന് കുണ്ടറ പൊലീസ് കേസെടുത്തു. സംഭവദിവസം രാത്രിയിൽ റെയിൽവേ പൊലീസിനെ വിവരമറിയിച്ച പള്ളിമുക്ക് ലെവൽ ക്രോസിലെ ഗേറ്റ് കീപ്പർ അനന്ദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയിൽവേ ആക്ട് -1989ലെ 150 (1) (എ) 153 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിന് 24 മണിക്കൂർ തികയുംമുമ്പ് തന്നെ പ്രതികളായ ഇളമ്പള്ളൂർ സ്വദേശി അരുൺ, പെരുമ്പുഴ സ്വദേശി രാജേഷ് എന്നിവരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ എൻ.ഐ.എ ഉദ്യോഗസ്ഥരും മധുരയിൽനിന്നെത്തിയ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും ശനിയാഴ്ച രാത്രി തന്നെ ചോദ്യം ചെയ്തു. ഞായറാഴ്ച പുലർച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ടെലിഫോൺ പോസ്റ്റിന്റെ ചുവട് ഭാഗത്തുള്ള കാസ്റ്റ് അയൺ പൊട്ടിച്ചെടുക്കാൻ വേണ്ടിയാണ് പാളത്തിന് കുറുകെ പോസ്റ്റ് വെച്ചതെന്നാണ് പ്രതികൾ ചോദ്യംചെയ്യലിൽ പറഞ്ഞത്. എന്നാൽ, അപകടസാധ്യത അറിയാമായിരുന്നിട്ടും രണ്ടാംതവണയും പോസ്റ്റ് എടുത്തുവെച്ചത് ഗൗരവത്തിലെടുത്താണ് അട്ടിമറി ശ്രമത്തിനുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്. ഫോറൻസിക്, ഡോഗ് സ്കോഡ് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

