ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; തെലങ്കാനയിൽ വിരമിച്ച ബാങ്ക് ജീവനക്കാരന് നഷ്ടമായത് 15.25 ലക്ഷം രൂപ
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ വിരമിച്ച ബാങ്ക് ജീവനക്കാരന് നഷ്ടമായത് 15.25 ലക്ഷം രൂപ. ഹൈദരാബാദിലെ കോത്തപ്പേട്ട സ്വദേശിയായ 71കാരനാണ് തട്ടിപ്പിനിരയായത്. അഞ്ച് ദിവസത്തോളമാണ് ഇയാളെ തട്ടിപ്പ് സംഘം ‘ഡിജിറ്റൽ അറസ്റ്റിൽ’ ബന്ധിയാക്കിയത്. സംഭവത്തിൽ മൽകാജ്ഗിരി സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ആഗസ്റ്റ് 17നാണ് പരിചയമില്ലാത്ത നമ്പറിൽനിന്ന് വയോധികന് ഫോൺ കോൾ ലഭിച്ചത്. മുംബൈയിലെ ബാന്ദ്ര ക്രൈം ബ്രാഞ്ചിലെ സർക്കിൾ ഇൻസ്പെക്ടർ ‘രവി കുമാർ’ എന്ന് പരിചയപ്പെടുത്തിയാണ് വിളിച്ചതെന്ന് പരാതിയിൽ പറയുന്നു. വയോധികന്റെ പേരിൽ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തട്ടിപ്പ് സംഘം അറിയിച്ചു.
കേസിന്റെ നമ്പറും കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളും ചോദിച്ചപ്പോൾ അയാൾ ദേഷ്യപ്പെടുകയും അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കേസ് ഒത്തുതീർപ്പാക്കുന്നതിനായി പണം കൈമാറണമെന്ന് വയോധികനോട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണം, കോടതിയിൽ നൽകണം, സാക്ഷികൾക്കും അഭിഭാഷകനും ജഡ്ജിക്കും കോടതി ജീവനക്കാർക്കും നൽകണം തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പല തവണയായി തട്ടിപ്പുകാർ പണം തട്ടി.
വയോധികൻ വിവിധ ഘട്ടങ്ങളിലായി 15.25 ലക്ഷം രൂപയാണ് എൻ.ഇ.എഫ്.ടി വഴി തട്ടിപ്പുകാർ നൽകിയ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. തുടർന്ന് വിവരം കുടുംബാംഗങ്ങളെ അറിയിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം തിരിച്ചറിയുന്നത്. തുടർന്ന് മൽകാജ്ഗിരി സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

