തെലങ്കാനയിൽ കുട്ടികളെ കടത്തുന്ന സംഘം അറസ്റ്റിൽ; 10 കുട്ടികളെ രക്ഷപ്പെടുത്തി, പിടിയിലായവരിൽ ദമ്പതികളും
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ കുട്ടികളെ കടത്തുന്ന സംഘം പിടിയിൽ. ഒന്നിലധികം സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംഘത്തിലെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 10 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. നിയമവിരുദ്ധ ദത്തെടുക്കലുകളെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
സൂര്യപേട്ട്, നൽഗൊണ്ട ജില്ലകളിലെ വിവിധ ഗ്രാമങ്ങളിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഏഴ് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും ഉൾപ്പെടെ പത്ത് കുട്ടികളെ രക്ഷപ്പെടുത്തി നൽഗൊണ്ടയിലെ ചിൽഡ്രൻസ് വെൽഫെയർ സെന്ററിൽ കൈമാറിയതായി സൂര്യപേട്ട് ജില്ല പൊലീസ് സൂപ്രണ്ട് കെ. നരസിംഹ പറഞ്ഞു.
അറസ്റ്റിലായവരിൽ സൂര്യപേട്ട് പട്ടണത്തിൽ നിന്നുള്ള ദമ്പതികളും ഉൾപ്പെടുന്നു, അവർ ഇടനിലക്കാരായി പ്രവർത്തിച്ചു. കുട്ടികളില്ലാത്ത ദമ്പതികളെ തിരിച്ചറിഞ്ഞ്, നിയമപരമായ എല്ലാ ദത്തെടുക്കൽ നടപടിക്രമങ്ങളും മറികടന്ന് കുട്ടികളെ വിൽക്കുന്നതാണ് രീതി. ഓരോ കുട്ടിയുടെയും വില അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയായിരുന്നു.
ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ എത്തിച്ചേരുന്ന നിഗമനം. എന്നാൽ ഈ വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രതികളിൽ ചിലർ മുമ്പ് ആന്ധ്രാപ്രദേശിലും മുംബൈയിലും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.
നിയമപരമല്ലാതെ ദത്തെടുത്തു എന്ന് ആരോപിക്കപ്പെടുന്ന നിരവധി രക്ഷിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ അന്വേഷണം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

