സ്വന്തം വീട്ടിൽനിന്ന് ഭർതൃവീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചു; ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച് ഭർത്താവ്
text_fieldsഹൈദരാബാദ്: വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ച ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ച് ഭർത്താവ്. തെലങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ കോട്ടപ്പള്ളി മണ്ഡലത്തിലാണ് സംഭവം. തിങ്കളാഴ്ച യുവതിയുടെ സ്വന്തം വീട്ടിൽവെച്ചായിരുന്നു ആക്രമണം.
മമത എന്ന യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. മല്ലംപേട്ട് സ്വദേശിയും ഭർത്താവുമായ എനഗണ്ട്‍ല മണിചന്ദറാണ് മമതയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒമ്പത് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. കുറച്ചുകാലമായി ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു.
പത്ത് ദിവസം മുമ്പുണ്ടായ തർക്കത്തെ തുടർന്ന് മമത ഭർത്താവിന്റെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തണമെന്ന് മണിചന്ദർ ആവശ്യപ്പെട്ടെങ്കിലും മമത തയാറായില്ല. ഇതിനെ തുടർന്നാണ് തിങ്കളാഴ്ച ഇയാൾ ഭാര്യയുടെ വീട്ടിലെത്തിയത്.
മമതയുടെ പിതാവ് നാരായണനുമായി മണിചന്ദർ വാക്ക് തർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതോടെ ഇയാൾ മരക്കമ്പുകൊണ്ട് നാരായണനെ ആക്രമിച്ചു. നാരായണന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. പിതാവിനെ ആക്രമിക്കുന്നത് തടയാൻ മമത ഇടപെട്ടതോടെയാണ് മണിചന്ദർ യുവതിയെയും ആക്രമിച്ചത്. ഇതിനിടെ മണിചന്ദർ മമതയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു. മൂക്കിന്റെ ഒരു ഭാഗം വേർപെട്ടതായി പൊലീസ് അറിയിച്ചു.
ഉടൻതന്നെ ബന്ധുക്കളും കുടുംബാംഗങ്ങളും ചേർന്ന് മമതയെ പ്രദേശത്തെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കൂടുതൽ ചികിത്സക്കായി വാറങ്കലിലെ എം.ജി.എം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കോട്ടപ്പള്ളി പൊലീസ് മണിചന്ദറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് സബ് ഇൻസ്പെക്ടർ രാജശേഖർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

