പല്ല് പറിച്ചെടുത്തു, നിലത്തേക്ക് വലിച്ചെറിഞ്ഞു -യു.പിയിൽ മന്ത്രവാദിയുടെ ചികിത്സയിൽ കുഞ്ഞിന് ദാരുണാന്ത്യം
text_fieldsന്യൂഡൽഹി: യു.പിയിൽ ഒരു വയസുള്ള കുഞ്ഞിനെ മന്ത്രവാദി ദാരുണമായി കൊലപ്പെടുത്തി. ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് കുഞ്ഞിനെ തറയിലെറിയുകയും പല്ല് പറിച്ചെടുക്കുകയുമായിരുന്നു. കുഞ്ഞ് തൽക്ഷണം മരിച്ചു.
യു.പിയിലെ ബുലാന്ദഷഹർ ജില്ലയിലെ ധകാർ ഗ്രാമത്തിലാണ് സംഭവം. രോഗബാധിതനായ ആൺകുഞ്ഞിനെയും കൊണ്ടാണ് ദമ്പതികൾ വ്യാഴാഴ്ച രാത്രി മന്ത്രവാദിയുടെ അടുത്തെത്തിയത്. മന്ത്രവാദി കുഞ്ഞിന്റെ പല്ല് പൊട്ടിച്ചതിനു ശേഷം നിലത്തേക്ക് എറിയുകയായിരുന്നു. കുട്ടി ബോധരഹിതനായെന്ന് മനസിലാക്കിയപ്പോൾ രക്ഷിതാക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുട്ടിയുടെ കുടുംബം ഉടൻ മൃതദേഹവുമായി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
ദിവസങ്ങൾക്കു മുമ്പ് മധ്യപ്രദേശിൽ കേവലം മൂന്നുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഇരുമ്പ് ദണ്ഡ്കൊണ്ട് 51 തവണ മർദിച്ച സംഭവം നടന്നിരുന്നു. മന്ത്രവാദിയുടെ മർദനമേറ്റ കുഞ്ഞ് മരിക്കുകയായിരുന്നു. ന്യൂമോണിയ ബാധിച്ച കുഞ്ഞിനെയാണ് ചികിത്സക്കായി മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുവന്നത്. ഡോക്ടർമാരുടെ കുറവും മതിയായ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ഗ്രാമീണ മേഖലകളിൽ പല കുടുംബങ്ങളും ചികിത്സക്കായി മന്ത്രവാദികളെ ആശ്രയിക്കുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

