
കൗമാരക്കാരൻ വിഷം ഉള്ളിൽചെന്ന് മരിച്ചു; കാമുകിയുടെ മാതാവിനെതിരെ കേസ്
text_fieldsഹൈദരാബാദ്: കാമുകിയുടെ മാതാവ് 19കാരനെ വിഷം നൽകി കൊലപ്പെടുത്തിയതായി പരാതി. മൊയ്നാബാദ് സ്വദേശിയായ ഷെയ്ക് ആയാസ് എന്ന ഇന്‍റർമീഡിയറ്റ് വിദ്യാർഥിയാണ് മരിച്ചത്.
വർഷങ്ങളായി 16കാരിയുമായി പ്രണയത്തിലായിരുന്നു 19കാരൻ. അടുത്തിടെ പെൺകുട്ടിയുടെ വീട് 19കാരൻ സന്ദർശിച്ചിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം കൗമാരക്കാരന് ഛർദി തുടങ്ങി. ഇതോടെ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില മോശമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച മരിച്ചുവെന്ന് തെലങ്കാന ടുഡെ റിപ്പോർട്ട് ചെയ്തു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കൗമാരക്കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു. കാമുകിയുടെ വീട്ടിലെത്തിയപ്പോൾ അമ്മ ശീതളപാനീയം നൽകിയതായി മൊഴി നൽകി.
പ്രാഥമിക അേന്വഷണത്തിൽ പെൺകുട്ടിയുടെ മാതാവിന് കൗമാരക്കാരനുമായുള്ള ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നതായി കണ്ടെത്തി. യുവാവിനെതിരെ പോക്സോ നിയമപ്രകാരവും കേസ് നൽകിയിരുന്നു. പെൺകുട്ടിയുടെ വീട്ടിൽപോയി വന്നതിന് ശേഷമാണോ ആരോഗ്യനില മോശമായതാണോയെന്നും സ്വയം വിഷം കഴിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കൊലപാതക ശ്രമം, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകളിൽ കേസെടുത്തു. പോസ്റ്റ്മോർട്ടം റിേപ്പാർട്ട് പുറത്തുവരാനായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.