രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം: സ്ത്രീധനത്തിനായി ഭർത്താവ് നിരന്തരമായി പീഡിപ്പിച്ചു; യുവതി ജീവനൊടുക്കി
text_fieldsഹൈദരാബാദ്: സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭർത്താവിൽ നിന്നുള്ള നിരന്തര പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷം ആറ് മാസം മുമ്പാണ് സോഫ്റ്റ്‌വെയർ പ്രൊഫഷണലായ ദേവികയും സതീഷ് ചന്ദ്രയുമായുള്ള വിവാഹം നടന്നത്.
യുവതിയുടെ കുടുംബ ഉടമസ്ഥതയിലുള്ള ഫ്ലാറ്റും മറ്റൊരു ഭൂമിയും തന്റെ പേരിൽ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സതീഷ് ദേവികയെ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. രണ്ട് മാസങ്ങളായി നിരന്തരം വഴക്കായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിവാഹസമയത്ത് സ്ത്രീധനമായി പണവും സ്വർണ്ണാഭരണങ്ങളും നൽകിയിരുന്നതായി ദേവികയുടെ അമ്മ ലക്ഷ്മി പറഞ്ഞു. എന്നാൽ ദേവിക ഇപ്പോൾ താമസിക്കുന്ന നിസാംപേട്ടിലെ ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശവും അവരുടെ ജന്മനാടായ വികാരാബാദ് ജില്ലയിലെ സ്ഥലവും കൈമാറുന്നതുമായി ബന്ധപ്പെട്ട് ദേവിക നിരന്തരം ഉപദ്രവം അനുഭവിച്ചിരുന്നുവെന്ന് അമ്മ വ്യക്തമാക്കി.
ലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സതീഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

