വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം അധ്യാപകന് അഞ്ച് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
text_fieldsതൃശൂർ: സ്വകാര്യ സ്ഥാപനത്തില്‍ പഠനത്തിനെത്തിയ 13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകന് അഞ്ച് വർഷം കഠിനതടവും 50,000 രൂപ പിഴയും.
ഒല്ലൂര്‍ അഞ്ചേരി മേലിട്ട് അരുണിനെയാണ് (40) തൃശൂർ ജില്ല ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണം.
പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. 2015 ഏപ്രില്‍ ഒമ്പതിനാണ് സംഭവം. അവധിക്കാലത്ത് പഠനാവശ്യത്തിനാണ് കുട്ടി സ്ഥാപനത്തില്‍ ചേര്‍ന്നത്.
ഇവിടുത്തെ അധ്യാപകനായ അരുൺ മറ്റു വിദ്യാർഥികളില്ലാത്ത സമയത്ത് കയറിപ്പിടിക്കുകയായിരുന്നു. ടൗണ്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.കെ. മോഹനനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവ ദിവസത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.