മെട്രോ സ്റ്റേഷനിലെ എക്സ് റേ മെഷീനിൽ ബാഗ് മോഷണം; അധ്യാപിക അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിലെ എക്സ്-റേ മെഷീനിൽ നിന്ന് സ്ത്രീയുടെ ബാഗ് മോഷ്ടിച്ച 26കാരിയായ അധ്യാപിക അറസ്റ്റിൽ. ഉത്തംനഗർ സ്വദേശിയായ ഗരിമ പണ്ഡേ മൈക്രേബയോളജിയിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ശേഷം സ്വകാര്യ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയായി സേവനമനുഷ്ടിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഡൽഹി പൊലീസിന്റെ മെട്രോ യൂനിറ്റിൽ കഴിഞ്ഞ 15-20 ദിവസങ്ങളായി മോഷണക്കേസ് പരാതികൾ കൂടി വന്നിരുന്നു. ജനുവരി 11നാണ് ഉത്തംനഗർ സ്റ്റേഷനിൽ വെച്ച് എക്സ് റേ മെഷീനിൽ പരാതിക്കാരിയായ യുവതി ബാഗ് വെച്ചത്. പരിശോധനക്ക് ശേഷം നോക്കിയ സമയത്ത് ബാഗ് കാണാത്തതിനെ തുടർന്നാണ് സി.സി.ടി.വി പരിശോധിച്ചത്. സി.സി.ടി.വിയിൽ ഒരു യുവതി ബാഗ് എടുത്തതായി വ്യക്തമായി.
ജനുവരി 29ന് ഉത്തംനഗർ ഈസ്റ്റ്, ജനുവരി 30ന് ഉത്തംനഗർ വെസ്റ്റ്, ജനുവരി 24ന് റിഥാല മെട്രോ സ്റ്റേഷനുകളിൽ സമാനമായ രീതികളിൽ മോഷണം നടന്നതായി പൊലീസ് പറഞ്ഞു.
സി.സി.ടി.വിയിൽ കണ്ട ദൃശ്യങ്ങളുമായി സാദൃശ്യമുള്ള യുവതിയെ വെള്ളിയാഴ്ച ഉത്തംനഗർ വെസ്റ്റ് മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ കാണിച്ചതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ട് സ്വർണ മൂക്കുത്തി, അഞ്ച് മെട്രോ കാർഡ്, മൊബൈൽ ഫോൺ,അഞ്ച് ഡെബിറ്റ് കാർഡ്, 9000 രൂപ എന്നിവ പ്രതിയിൽ നിന്ന് കണ്ടെടുത്തു.