മോഷ്ടിച്ച ബൈക്ക് വിൽപന: തമിഴ്നാട്ടുകാരൻ പിടിയിൽ
text_fieldsദാമോദരൻ
മട്ടാഞ്ചേരി: കേരളത്തിൽനിന്ന് മോഷ്ടിച്ച് കടത്തുന്ന ബൈക്കുകൾ തമിഴ്നാട്ടിൽ വാങ്ങി വിൽന നടത്തിവന്നിരുന്ന പ്രതി മട്ടാഞ്ചേരി പൊലീസിെൻറ പിടിയിലായി. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി ദാമോദരനെയാണ് (30) മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഈ കേസിൽ നേരത്തേ പിടിയിലായ അന്തർസംസ്ഥാന വാഹനമോഷണ കേസ് പ്രതി ഫോർട്ട്കൊച്ചി സ്വദേശി ഷിറാസ് ഇയാളുടെ പങ്കാളി റിൻഷാദ് എന്നിവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിൽനിന്ന് മോഷ്ടിച്ച മൂന്ന് ബുള്ളറ്റുകളും പ്രതിയിൽനിന്ന് കണ്ടെടുത്തു.
പശ്ചിമകൊച്ചിയിലുണ്ടായ വാഹന മോഷണ കേസുകളിൽ തുമ്പുണ്ടാക്കാൻ ഡി.സി.പി കുര്യാക്കോസിെൻറ നിർദേശ പ്രകാരം മട്ടാഞ്ചേരി അസി. കമീഷണറുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐമാരായ കെ.ആർ. രൂപേഷ്, എം.പി. മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മേഘനാഥൻ, എഡ്വിൻ റോസ്, കെ.ടി. അനീഷ്, സിവിൽ പൊലീസ് ഓഫിസർ കെ.എ. അനീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായി.

