25ഓളം കേസുകളിലെ പ്രതിയായ തളിപ്പറമ്പ് സ്വദേശി പിടിയിൽ
text_fieldsഅലി അക്ബർ
താനൂർ: കൊലപാതകം, കവർച്ച, കഞ്ചാവ് കടത്ത് തുടങ്ങിയ 25 ഓളം കേസുകളിലെ പ്രതിയായ കണ്ണൂർ സ്വദേശി പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി ചപ്പാൻറകത്ത് വീട്ടിൽ അലി അക്ബറിനെയാണ് (38) ഊട്ടി മഞ്ചാകൗറയിലെ അണ്ണ കോളനിയിൽനിന്ന് താനൂർ പൊലീസ് പിടികൂടിയത്. താനാളൂരിലെ മൻസൂറിെൻറ വട്ടത്താണിയിലെ ബെസ്റ്റ് വേ മൊബൈൽസിൽനിന്ന് ഫോണുകളും കമ്പ്യൂട്ടറും റീചാർജ് കൂപ്പണുകളും 9500 രൂപയും കവർന്ന പരാതിയിൽ താനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മലപ്പുറം സൈബർ സെൽ സഹായത്തോടെ അന്വേഷണം നടത്തിയത്.
ടൂറിസ്റ്റുകളാണെന്ന വ്യാജേന ലോഡ്ജുകളിൽ താമസിച്ച് ആളുകളെ നിരീക്ഷിച്ചാണ് ഗുണ്ടകളുടെ താവളമായ മഞ്ജകൗറ അണ്ണ കോളനിയിൽനിന്ന് പ്രതിയെ പിടികൂടിയത്. അലി അക്ബറിനെതിരെ കാസർകോട്ടെ ഹോസ്ദുർഗ്, നീലേശ്വരം, കണ്ണൂരിലെ ആലക്കോട്, വയനാട്ടിലെ മീനങ്ങാടി, മാനന്തവാടി, മലപ്പുറത്തെ പൊന്നാനി, മഞ്ചേരി, പെരുമ്പടപ്പ്, ഇടുക്കിയിലെ നെടുങ്കണ്ടം, പെരിങ്ങാവ് പൊലീസ് സ്റ്റേഷനുകളിൽ 25 ഓളം കേസുകളുണ്ട്.
ഹോസ്ദുർഗിൽ സദാനന്ദ സ്വാമി സമാധിയായപ്പോൾ മൃതദേഹത്തിലെ ആഭരണങ്ങൾ മോഷ്ടിക്കാൻ ആശ്രമത്തിലെ കുഴിമാടം തുരന്നതും പൊന്നാനി കണ്ടനകം ബിവറേജ് ഷോപ് പൊളിച്ച് മദ്യം മോഷ്ടിച്ചതും പെരിങ്ങാവിൽ സ്ത്രീയെ കൊലപ്പെടുത്തിയതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടെൻറ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജീവൻ ജോർജ്, സബ് ഇൻസ്പെക്ടർ എൻ. ശ്രീജിത്ത്, സി.പി.ഒമാരായ സലേഷ്, സബറുദ്ദീൻ വിപിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.