യുവാവിനെ ആക്രമിച്ച് സ്കൂട്ടറും മൊബൈല്‍ ഫോണും കവർന്ന പ്രതികള്‍ പിടിയിൽ
text_fieldsജംഷീൽ, ഷാബാസ്
ബേപ്പൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് സ്കൂട്ടറും മൊബൈല്‍ ഫോണും പഴ്സും പിടിച്ചുപറിച്ച പ്രതികള്‍ പിടിയിലായി. അരക്കിണര്‍ സ്വദേശി ഗ്രീന്‍ വില്ല അപ്പാര്‍ട്ട്മെന്‍റ് ചെറിയ ഒറ്റയില്‍ വീട്ടില്‍ ജംഷീല്‍ എന്ന ഇഞ്ചീല്‍ (39), പറമ്പില്‍ബസാര്‍ സ്വദേശി സനൂജ് മഹല്‍ പുറത്തോളി വീട്ടില്‍ ഷാബാസ് (18) എന്നിവരെയാണ് ബേപ്പൂര്‍ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ച അരക്കിണർ ന്യൂ സ്റ്റാര്‍ ഹോട്ടലിനുസമീപമുള്ള സബീന റോഡിൽ വെച്ച് പ്രതികൾ അരക്കിണര്‍ സ്വദേശിയായ പതിനെട്ടുകാരനെ തട്ടിക്കൊണ്ടുപോയാണ് അതിക്രമിച്ചത്.
യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ബേപ്പൂര്‍ പൊലീസ് സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരീക്ഷണകാമറദൃശ്യങ്ങള്‍ പരിശോധിച്ച് മണിക്കൂറുകള്‍ക്കകം പ്രതികളെ മാത്തറയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിടിയിലായ ജംഷീലിന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ട്. പ്രതികള്‍ ഇരുവരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു.
ഫറോക്ക് എ.സി.പി പ്രേംജിത്തിന്റെ മേൽനോട്ടത്തിൽ ഫറോക്ക് സ്ക്വാഡ്, ബേപ്പൂര്‍ പൊലീസ്, ജില്ല പൊലീസ് സ്ക്വാഡ് എന്നിവരുടെ സംയുക്ത അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇൻസ്പെക്ടർ ശ്രീജിത്, എസ്.ഐ ഷബീർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സജു, ദിനേഷ് കുമാര്‍, സിവിൽ പൊലീസ് ഓഫിസർ സുധീഷ്, സ്ക്വാഡ് അംഗങ്ങളായ അഖിൽ ബാബു, കെ.അബ്‌ദുറഹ്‌മാൻ, അനീഷ് മൂസേൻവീട്, ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, രാകേഷ് ചൈതന്യം, ജിനേഷ് ചൂലൂർ, ഷഹീർ പെരുമണ്ണ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

