ലോറിയിൽനിന്ന് അഞ്ചുലക്ഷം കവർന്നു; ഏഴ് മാസത്തിനുശേഷം പ്രതി പിടിയിൽ
text_fieldsഅനന്ദു
കൊണ്ടോട്ടി: മത്സ്യവുമായെത്തിയ ലോറിയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തിലധികം രൂപ കവര്‍ന്ന കേസിലെ പ്രതി ഏഴ് മാസങ്ങള്‍ക്കുശേഷം കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. ഇടുക്കി രാജകുമാരി കാരഞ്ചേരിയില്‍ അനന്ദുവാണ് (26) അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസ് പഴുതടച്ചു നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ കാസര്‍ക്കോട്ടുനിന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 10നാണ് കേസിനാസ്പദമായ സംഭവം.
കൊണ്ടോട്ടിയിലെ മത്സ്യമൊത്ത മാര്‍ക്കറ്റിലേക്ക് മത്സ്യവുമായെത്തിയ താനാളൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയില്‍ വ്യാപാരാവശ്യത്തിനായി കരുതിയിരുന്ന പണം കവര്‍ന്ന് അനന്ദു കടന്നുകളയുകയായിരുന്നു. ലോറിയില്‍ ഒരുമാസം മുമ്പ് ക്ലീനര്‍ ജോലിക്കാരനായി കയറിയതായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറുടെ പരിചയത്തില്‍ ജോലിക്കുകയറിയ യുവാവിന്റെ തിരിച്ചറിയല്‍ രേഖകളൊന്നും വാഹനയുടമയുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇയാളുടെ മേല്‍വിലാസം കണ്ടെത്തിയെങ്കിലും അനന്ദു നാലുവര്‍ഷം മുമ്പ് നാട്ടില്‍നിന്ന് പോയതായിരുന്നെന്നാണ് വിവരം ലഭിച്ചത്. കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തുടര്‍ന്ന് അന്വേഷണത്തിലാണ് പ്രതിയെ കാസര്‍ക്കോട്ടുവെച്ച് പിടികൂടാനായത്. മോഷണത്തിനുശേഷം ആഢംബര ജീവിതം നയിച്ചുവരികയായിരുന്ന യുവാവ് രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് തട്ടിപ്പുകള്‍ നടത്തി വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കൊണ്ടോട്ടി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് ബാലകുമാറിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍, എസ്.ഐ വി. ജിഷില്‍, ആന്റി തെഫ്റ്റ് സ്ക്വാഡ് അംഗങ്ങളായ അമര്‍നാഥ്, ഋഷികേശ്, കൊണ്ടോട്ടി സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ അബ്ദുല്ല ബാബു, ലക്ഷ്മണന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

