യുവതി ജീവനൊടുക്കിയ സംഭവം; ഭർതൃവീട്ടിലെ പീഡനം മൂലമെന്ന്
text_fieldsപയ്യന്നൂർ: യുവതി ഭർതൃവീട്ടിലെ കുളിമുറിയിൽ ജീവനൊടുക്കിയ സംഭവത്തിനുപിന്നിൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനമെന്ന് പരാതി. മുഖ്യമന്ത്രി, ഡി.ജി.പി, വനിത കമീഷൻ തുടങ്ങിയവർക്ക് പരാതി നൽകുമെന്ന്, കഴിഞ്ഞ ദിവസം ഭർതൃവീട്ടിലെ കുളിമുറിയുടെ വെൻറിലേറ്ററിൽ തൂങ്ങിമരിച്ച സുനീഷയുടെ ബന്ധുക്കൾ പറഞ്ഞു.
വെള്ളൂർ ചേനോത്തെ വിജീഷിന്റെ ഭാര്യ കോറോം സെൻട്രൽ വായനശാലക്കടുത്ത കൊളങ്ങരത്ത് വളപ്പിൽ സുനീഷയെയാണ് (26) വെള്ളൂരിലെ ഭർതൃവീട്ടിൽ കുളിമുറിയുടെ വെൻറിലേറ്ററിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ ഞായറാഴ്ച വൈകീട്ട് കാണപ്പെട്ടത്. സുനീഷ മരിക്കുന്നതിനുമുമ്പ് ഭർത്താവിന് വിഡിയോകാൾ ചെയ്തതായി ബന്ധുക്കൾ പറയുന്നു. ഒന്നര വർഷം മുമ്പാണ് സുനീഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു.
മകളെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി കാണിച്ച് സുനീഷയുടെ മാതാവ് കഴിഞ്ഞ മാസം അഞ്ചിന് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇവരെ വിളിപ്പിച്ച് പ്രശ്നം ഒത്തുതീർത്ത് പറഞ്ഞയക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭർതൃവീട്ടിൽ വീണ്ടും ശാരീരിക പീഡനവും മറ്റും തുടരുകയായിരുന്നുവെന്നാണ് സുനീഷയുടെ വീട്ടുകാരുടെ പരാതി. ഭർത്താവ് വിജീഷ് പാൽ സൊസൈറ്റി ജീവനക്കാരനാണ്. കെ.വി. സുകുമാരന്റെയും കെ. വനജയുടെയും മകളാണ് സുനീഷ.
അതേസമയം, തങ്ങളുടെ പരാതി പൊലീസ് അവഗണിക്കുന്നതായി സുനീഷയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി. മരണശേഷം രേഖാമൂലം പരാതി നൽകാൻ തയാറായിട്ടും പൊലീസ് അത് സ്വീകരിക്കാതെ നേരത്തെയുള്ള പരാതിയിൽ അന്വേഷണം മതിയെന്ന നിലപാടാണ് കൈക്കൊണ്ടതെന്ന് യുവതിയുടെ വീട്ടുകാർ ആരോപിച്ചു. യുവതിയുടെ മരണം സംബന്ധിച്ച് വിശദ അന്വേഷണം ആരംഭിച്ചതായി പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ പറഞ്ഞു. യുവതിയുടെ വീട്ടുകാരുടെയും മറ്റും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മരിക്കുന്നതിനുമുമ്പ് യുവതി, ഭർത്താവിന് അയച്ചതായി പറയപ്പെടുന്ന ശബ്ദരേഖയെപ്പറ്റിയും മറ്റും അന്വേഷിച്ചുവരുകയാണെന്നും ഡിവൈ.എസ്.പി പറഞ്ഞു.