ബിന്ദു യൂനിവേഴ്സിറ്റി സ്റ്റഡി സെന്ററിൽ ജീവനക്കാരി, ബേസിൽ മീനങ്ങാടി സെന്റ് മേരീസ് കോളജിൽ
text_fieldsജില്ല പൊലീസ് മേധാവി പദം സിങ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു
സുൽത്താൻബത്തേരി: കൊല്ലപ്പെട്ട ബിന്ദു കാലിക്കറ്റ് സർവകലാശാലയുടെ ചെതലയം സ്റ്റഡീസ് സെന്ററിലെ പാചകക്കാരിയാണ്. ബേസിൽ മീനങ്ങാടി സെന്റ് മേരിസ് കോളജിലെ ജീവനക്കാരനും. അതിനാൽ ഷാജുവിന്റെ സഹായം ഇല്ലെങ്കിലും കുടുംബം നല്ല രീതിയിൽ മുന്നോട്ട് പോകുകയായിരുന്നു. വീട്ടിൽ കയറേണ്ടെന്ന ഉത്തരവ് കൂടി ആയതോടെ ഷാജുവിന്റെ പക വർധിച്ചതായാണ് പറയുന്നത്. മീനങ്ങാടി കോളജിലെ ജീവനക്കാരനായിരുന്ന ബേസിൽ പൊതുപ്രവർത്തനരംഗത്ത് സജീവമാണ്. യൂത്ത് കോൺഗ്രസ് സുൽത്താൻ ബത്തേരി മണ്ഡലം സെക്രട്ടറിയാണ്. ജില്ല സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിനായി നോമിനേഷൻ കൊടുത്തിട്ടുമുണ്ട്. ബിന്ദുവിനേയും മകൻ ബേസിലിനേയും കുറിച്ച് നാട്ടുകാർക്ക് നല്ലതേ പറയാനുള്ളു.
അതേസമയം വർഷങ്ങളായി മദ്യത്തിന് അടിമയായ ഷാജു ഭാര്യയെയും മകനെയും സ്ഥിരമായി മർദിക്കാറുണ്ടായിരുന്നു. തൊട്ടടുത്തുള്ള വീട്ടിൽ താമസിക്കുന്ന അനിയൻ ബാബുവും ഇദ്ദേഹത്തിന്റെ മർദനത്തിന് ഇരയായിട്ടുണ്ട്.
ചെതലയം കവലയിൽ ചെറിയരീതിയിൽ പലചരക്ക് കച്ചവടം നടത്തിയിരുന്ന ഷാജു, അവിടെയുണ്ടായിരുന്ന സ്ഥലവും കടയും വിൽക്കുകയായിരുന്നു. തുടർന്ന് ചെതലയം നെല്ലിപ്പറ്റ കുന്നിനടുത്തെ അടിവാരത്ത് തറവാട് വിഹിതമായി കിട്ടിയ 26 സെന്റിൽ വീട് വച്ചു. മകൾ യു.കെയിൽ ജീവനക്കാരിയായിരുന്നു. മകളുടെ കാശു കൊണ്ടാണ് വീടുപണി ഏറെക്കുറെ പൂർത്തിയാക്കിയത്. നാലുമാസം മുമ്പ് മകൾ വിവാഹിതയായി. ഇതോടെ ഷാജുവിന്റെ ഉപദ്രവം കൂടി. ബിന്ദു പരാതിപ്പെട്ടതോടെ പൊലീസ് ഇടപെടുകയും ഷാജുവിനെ വീട്ടിൽ കയറുന്നതിൽ നിന്നും വിലക്കുകയും ചെയ്തു.
ഇത് പക ഇരട്ടിപ്പിച്ചു. മദ്യം അകത്തു ചെന്നാൽ ഭ്രാന്തനെ പോലെയായിരുന്നു ഷാജുവിന്റെ പെരുമാറ്റമെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞു. മുമ്പ് സുൽത്താൻബത്തേരി ജൂബിലി ഹോട്ടലിലും മറ്റും ഇദ്ദേഹം ജോലി ചെയ്തിരുന്നു. കൃത്യമായി ജോലിക്ക് ഹാജരാകാതെ വന്നതോടെ ആ പണി ഉപേക്ഷിക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

