വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: കായികാധ്യാപകന് എട്ടു വർഷം തടവും അരലക്ഷം രൂപ പിഴയും
text_fieldsതലശ്ശേരി: വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കായിക അധ്യാപകന് 8 വർഷം തടവും അര ലക്ഷം രൂപ പിഴയും. കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലെ കായിക അധ്യാപകനായിരുന്ന ഏച്ചൂർ സ്വദേശി എ.പി. മുരളിയെയാണ് തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജി സി.ജി. ഘോഷ ശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം.
വിദ്യാർഥിനിയെ സ്കൂളിലെ സ്പോർട്സ് മുറിയിൽ വെച്ച് അധ്യാപകനായ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ.വി. പ്രമോദാണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോക്സ് ആക്റ്റിലെ രണ്ട് സെക്ഷനുകളിലായി മൂന്നും, അഞ്ചും വർഷം വീതം തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ.
പിഴസംഖ്യ അതി ജീവിതക്ക് നഷ്ടപരിഹാരമായി നൽകണം. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ടി.കെ. ഷൈമ ഹാജരായി.