ബി.എസ്.എൻ.എൽ ടവറിന്റെ കേബിൾ മോഷ്ടിച്ചവർ പിടിയിൽ
text_fieldsപത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ ബി.എസ്.എൻ.എൽ ടവറിന്റെ വിവിധയിനം കേബിളുകൾ മോഷ്ടിച്ച കേസിൽ ഏഴുപേരെ പമ്പ പൊലീസ് പിടികൂടി. ഇടുക്കി കട്ടപ്പന പുളിയന്മല സ്വദേശികളായ അയ്യപ്പദാസ്, വിക്രമൻ, ഷംനാസ്, രഞ്ജിത്, അഖിൽ, അസിം, ജലീൽ എന്നിവരാണ് അറസ്റ്റിലായത്. ഒന്നുമുതൽ ആറുവരെ പ്രതികളെ ഇടുക്കി പുളിയന്മലയിൽനിന്നും ഏഴാം പ്രതി ജലീലിനെ പമ്പയിൽനിന്നുമാണ് പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30ന് ശേഷമാണ് മോഷണം നടന്നത്. ടവറിൽ കേടുപാടുകൾ വരുത്തിയശേഷം 280 മീറ്റർ ആർ.എഫ് കേബിൾ, 35 മീറ്റർ ഏർത്ത് കേബിൾ, 55 ഡി.സി കേബിളുകൾ, 100 മീറ്റർ ലാൻഡ്ലൈൻ കേബിൾ, ഒന്നര കിലോമീറ്റർ വലിക്കാവുന്ന അഞ്ച് ജോടി ലാൻഡ് ലൈൻ കേബിൾ, 50 മീറ്റർ ലാൻഡ് ലൈൻ കേബിളുകൾ, അഞ്ച് എം.സി.ബി കേബിൾ എന്നിവയാണ് കവർന്നത്. ആകെ രണ്ടര ലക്ഷത്തോളം രൂപയുടെ കേബിളാണ് മോഷ്ടിക്കപ്പെട്ടത്. ബി.എസ്.എൻ.എൽ ഡിവിഷനൽ എൻജിനീയറുടെ പരാതിപ്രകാരം മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്ത പമ്പ പൊലീസ്, പ്രത്യേകസംഘം രൂപവത്കരിച്ചാണ് പ്രതികൾക്കായി അന്വേഷണം നടത്തിയത്.
ചാലക്കയം മുതൽ പമ്പ വരെയുള്ള സി.സി ടി.വി ദൃശ്യങ്ങൾ പമ്പ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ സംഭവദിവസം രാവിലെ ആറിന് ചെളിക്കുഴി ഭാഗത്തുകൂടി കാട്ടിലൂടെ നാലുപേർ കയറിപ്പോകുന്നത് കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. ശരംകുത്തിയിലെത്തി മോഷണം നടത്തിയശേഷം, രണ്ടുപേർ കേബിളുകൾ ചാക്കുകളിലാക്കി പലതവണയായി ചുമന്നുകൊണ്ട് താഴെയെത്തിക്കുന്ന ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. കാറിലാണ് മോഷ്ടിച്ച സാധനങ്ങൾ പ്രതികൾ കടത്തിയത്. കാർ പൊലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്ത് അന്നുതന്നെ വിരലടയാള വിദഗ്ധരും ഫോട്ടോഗ്രാഫിക് യൂനിറ്റും ശാസ്ത്രീയ അന്വേഷണസംഘവും എത്തി പരിശോധന നടത്തിയിരുന്നു.
ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്താൻ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലേക്ക് പോയിട്ടുണ്ട്. കുറ്റം സമ്മതിച്ചതിനെ തുടർന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഡിവൈ.എസ്.പിമാരായ ആർ. ബിനു, രാജപ്പൻ റാവുത്തർ, ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഡോ. ആർ. ജോസ്, വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ രാജഗോപാൽ, റാന്നി എസ്.ഐ അനീഷ്, ജില്ല പോലീസ് മേധാവിയുടെ പ്രത്യേക സംഘം, പമ്പ എസ്.ഐമാരായ സജി, സുഭാഷ്, സി.പി.ഒമാരായ സുധീഷ്, അനു എസ്. രവി, ജസ്റ്റിൻ തുടങ്ങിയവരും സംഘത്തിലുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

