യുവതിയെ കുടുക്കിയത് ഗോവ പൊലീസിന്റെ ചടുലനീക്കം
text_fieldsസുചന സേതിനെ ഗോവ പൊലീസ് കൊണ്ടുപോവുന്നു
ബംഗളൂരു: മകനെ കൊന്ന് കഷണങ്ങളാക്കി പെട്ടിയിൽ നിറച്ച് കാറിൽ രക്ഷപ്പെടുന്നതിനിടെ യുവതിയെ കുടുക്കിയത് ഗോവൻ പൊലീസിന്റെ ചടുലനീക്കം. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി മകനോടൊപ്പം നോർത്ത് ഗോവയിലെ കൻഡോലിമിൽ സർവിസ് അപ്പാർട്മെന്റ് വാടകക്കെടുത്തത്. രണ്ടു ദിവസം അവിടെ കഴിഞ്ഞു. ഞായറാഴ്ച അർധരാത്രിയോടെ ജോലി ആവശ്യാർഥം തനിക്ക് ബംഗളൂരുവിലേക്ക് പോകണമെന്നും ടാക്സി ഏർപ്പാടാക്കിത്തരണമെന്നും അപ്പാർട്മെന്റ് ജീവനക്കാരോട് ആവശ്യപ്പെട്ടു.
എന്നാൽ, ഗോവയിൽനിന്ന് ബംഗളൂരുവിലേക്ക് ടാക്സിക്ക് വൻതുക നൽകേണ്ടി വരുമെന്നും വിമാനയാത്രയാണ് ലാഭമെന്നും ജീവനക്കാർ നിർദേശിച്ചു. കാർതന്നെ വേണമെന്ന് യുവതി നിർബന്ധം പിടിച്ചു. ഇതോടെ ജീവനക്കാർ തിങ്കളാഴ്ച പുലർച്ച ഒന്നിന് കാർ ഏർപ്പാടാക്കി.
യുവതി പോയ ശേഷം രാവിലെ പത്തോടെ റൂം വൃത്തിയാക്കാൻ ചെന്ന ജീവനക്കാർ ടവലിൽ രക്തക്കറ കണ്ടതാണ് സംശയത്തിനിടയാക്കിയത്. ഇതോടെ സമീപത്തെ കലംഗുതെ പൊലീസിൽ വിവരമറിയിച്ചു. യുവതിയോടൊപ്പമുണ്ടായിരുന്ന മകനെ കാണാതിരുന്നതും ഭാരമുള്ള ലഗേജ് യുവതിയുടെ പക്കലുണ്ടായിരുന്നതും ജീവനക്കാർ പൊലീസിനെ അറിയിച്ചു. പൊലീസുകാർ യുവതിയെ ഫോണിൽ ബന്ധപ്പെട്ട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, രക്തക്കറ ആർത്തവത്തിന്റേതാണെന്നും മകൻ മഡ്ഗാവിനടുത്ത് സുഹൃത്തിന്റെ വീട്ടിലുണ്ടെന്നും മറുപടി നൽകി.
പൊലീസിനെ വിശ്വസിപ്പിക്കാൻ സുഹൃത്തിന്റേതെന്ന പേരിൽ ഒരു വിലാസവും നൽകി. കലംഗുത് പൊലീസ് ഉടൻ മഡ്ഗാവിലെ ഫട്ടോർഡ പൊലീസിനെ ബന്ധപ്പെട്ടതോടെ വിലാസം വ്യാജമാണെന്ന് മനസ്സിലായി. ഇതോടെ ടാക്സി ഡ്രൈവറെ ഫോണിൽ വിളിച്ച് കാർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടു.
യുവതി ഇതേക്കുറിച്ച് അറിയാതിരിക്കാൻ കൊങ്കിണിയിലായിരുന്നു ഡ്രൈവറുമായുള്ള ആശയവിനിമയം. ഇതോടെ ചിത്രദുർഗ അയമംഗല പൊലീസ് സ്റ്റേഷനിലെത്തി ഡ്രൈവർ വിവരം കൈമാറി. പൊലീസ് പരിശോധനയിൽ യുവതിയുടെ ബാഗിൽനിന്ന് കുട്ടിയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയതോടെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച ചിത്രദുർഗയിലെത്തിയ കലംഗുതെ പൊലീസിന് ട്രാൻസിറ്റ് റിമാൻഡിലൂടെ യുവതിയെ കൈമാറി. മൃതദേഹ ഭാഗങ്ങൾ ചിത്രദുർഗ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

