നഗരസഭ ചെയർമാനെ ആക്രമിച്ച സംഭവം; പൊലീസ് മേധാവി റിപ്പോർട്ട് തേടി
text_fieldsആക്രമണത്തിൽ പരിക്കേറ്റ് തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ശ്രീകണ്ഠപുരം നഗരസഭ ചെയര്‍മാന്‍ അഡ്വ. ഇ.വി. രാമകൃഷ്ണനെ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് സന്ദർശിക്കുന്നു
ശ്രീകണ്ഠപുരം: നഗരസഭ ചെയര്‍മാന്‍ അഡ്വ. ഇ.വി. രാമകൃഷ്ണനെ മര്‍ദിച്ചുവെന്നാരോപിച്ച് ശ്രീകണ്ഠപുരം നഗരസഭ പരിധിയില്‍ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സർക്കാർ ഓഫിസുകളും തുറന്നില്ല. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ഗതാഗതത്തെ ബാധിച്ചില്ല. ഹർത്താലിനെ തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനിടെ മാധ്യമപ്രവർത്തകൻ നിഖിൽ മണ്ണേരിയെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. കഴിഞ്ഞ ദിവസം പൊടിക്കളത്തെ കോണ്‍ഗ്രസ് കൊടിമരം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പെയിന്റടിച്ച് പതാകയുയര്‍ത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷമാണ് വെള്ളിയാഴ്ച വലിയതോതിലുള്ള സംഘര്‍ഷമായി മാറിയത്.
പൊടിക്കളം സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും സി.പി.എമ്മും നടത്തിയ പ്രകടനം ബസ് സ്റ്റാന്‍റിലെത്തിയതോടെ പോര്‍വിളിയായി. സി.പി.എം പ്രകടനം അവസാനിച്ച ഉടന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീണ്ടും പ്രകടനമായെത്തിയതോടെ പരസ്പരം കല്ലേറ് നടക്കുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അതിനിടയില്‍ ബസ് സ്റ്റാന്റിലെ ഹോട്ടലിന് മുന്നില്‍ കോണ്‍ഗ്രസുകാരന്‍ മുരളിയും സി.പി.എമ്മുകാരന്‍ സുജിത്തും തമ്മിലുണ്ടായ സംഘര്‍ഷമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു നഗരസഭ ചെയര്‍മാന്‍. പൊലീസുമായുള്ള വാക്കേറ്റത്തിനിടയില്‍ ഷര്‍ട്ടും മുണ്ടും വലിച്ചുകീറി പൊലീസ് മര്‍ദിച്ചുവെന്നാണ് ആരോപണം. ഇരുവിഭാഗം നേതാക്കളും തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.പി. സുമേഷും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
നഗരസഭ ചെയര്‍മാനെ പൊലീസ് മര്‍ദിച്ചുവെന്ന പരാതിയില്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പരിക്കേറ്റ രാമകൃഷ്ണനും ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. ഗംഗാധരനും മുരളിയും തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ സുജിത്ത് മാപ്പിനി, ബിബിന്‍ ബാബു, വി. വിനു എന്നിവര്‍ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ ചികിത്സ തേടി. ഇരുവിഭാഗത്ത് നിന്നും പൊലീസ് ശനിയാഴ്ച മൊഴിയെടുത്തു.
അതിനിടെ കഴിഞ്ഞ ദിവസം പൊടിക്കളത്ത് നടന്ന സംഘര്‍ഷത്തില്‍ നഗരസഭ കൗണ്‍സിലര്‍ സിന്ധു മധുസൂദനനെയും ഭര്‍ത്താവിനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സിദ്ധാർഥ്, ഷാജി എന്നിവരെയും ആക്രമിച്ചതിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കാവുമ്പായി സ്വദേശികളുമായ സന്ദീപ്, ജ്യോതിഷ് ബാലകൃഷ്ണന്‍, രഞ്ജിത്ത്, അക്ഷയ്, ഷൈജു, പൊടിക്കളം സ്വദേശികളായ സായൂജ്, നിഖില്‍, റിജേഷ്, ഐച്ചേരിയിലെ ഷിനോജ്, കണ്ടാലറിയാവുന്നവര്‍ എന്നിവര്‍ക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു.
സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെയടക്കം കേസ്, ഒരാൾ അറസ്‌റ്റിൽ
ശ്രീകണ്ഠപുരം:: വെള്ളിയാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിൽ സി.പി.എം. ഏരിയ സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സെകട്ടറിയുമായിരുന്ന
എം.സി. രാഘവൻ, വി.സി. രാമചന്ദ്രൻ, പി. മാധവൻ, പി.പി. ഷക്കീൽ, നിഖിൽ മണ്ണേരി എന്നിവർക്കെതിരെയും കണ്ടാൽ അറിയുന്ന 10 സി.പി.എം. പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നഗരസഭാധ്യക്ഷന്റെയും ഡി.സി.സി. ജന. സെക്രട്ടറി കെ.പി. ഗംഗാധരന്റെയും പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പൊടിക്കളത്ത് കോൺഗ്രസ് കൊടിമരം പെയിന്റടിച്ചതിനെ തുടർന്ന് നടന്ന സംഘർഷത്തിൽ ഒമ്പത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു. നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സിന്ധു മധുസൂദനൻ, ഭർത്താവ് പി.പി. മധുസൂദനൻ മകൻ പി.പി. സിദ്ധാർഥൻ എന്നിവരെ മർദിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ഇതിൽ എട്ടാം പ്രതിയായ ടി.കെ. റിജേഷിനെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

