16കാരിയെ വാങ്ങി ലൈംഗികചൂഷണത്തിന് ഇരയാക്കിയ സ്പാ സർക്കാർ ഉദ്യോഗസ്ഥന്റേത്; പുറത്തറിഞ്ഞത് നടത്തിപ്പുകാരന്റെ ഫോൺ പരിശോധിച്ചപ്പോൾ
text_fieldsഅറസ്റ്റിലായ സജിത് കുമാർ, നിശാന്ത്
തിരുവനന്തപുരം: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വാങ്ങി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കോവളത്തെ സ്പാ സർക്കാർ ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ളതെന്ന് അന്വേഷണസംഘം. കേസിൽ അറസ്റ്റിലായ സ്പാ നടത്തിപ്പുകാരന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
മാതൃസഹോദരിയും ഭര്ത്താവും ചേര്ന്നാണ് പെൺകുട്ടിയെ കോവളത്തെ സ്പായില് വിറ്റത്. ഇവിടെ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പൂവാർ സ്വദേശി നിശാന്ത് (46), മാവേലിക്കര സ്വദേശി സജിത് കുമാർ (47) എന്നിവരെ അറസ്റ്റ് ചെയ്തു.
നിശാന്തിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ഹെൽത്ത് ഇൻസ്പെക്ടറുമായി നടത്തിയ ഇടപാടുകളുടെ വിവരം ലഭിച്ചത്. ഇതേകുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ആന്ധ്ര സ്വദേശിയാണ് 16കാരിയായ പെണ്കുട്ടി. കഴിഞ്ഞ ജൂലൈയിലാണ് പെണ്കുട്ടിയെ മാതൃസഹോദരിയും ഭര്ത്താവും കോവളത്ത് എത്തിച്ചത്.
കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല് കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവര്ക്കായിരുന്നു. കുട്ടിയെ വിറ്റ ബന്ധുക്കള് ആന്ധ്രയിലേക്ക് മടങ്ങിപ്പോയി. ജൂലൈ മുതല് വിവിധ സ്പാകളില് കുട്ടി ജോലി ചെയ്തു വരികയായിരുന്നു. ഒരു സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെനിന്ന് ഓടിപ്പോകാന് ശ്രമിക്കുകയും ചെയ്തു. തുടർന്ന് മിസിങ് കേസ് രജിസ്റ്റർചെയ്ത് അന്വേഷിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
പെൺകുട്ടി പൊലീസിനോട് പറഞ്ഞതും സ്കൂൾ രേഖകൾ പ്രകാരവും വയസ്സ് 16 ആണ്. എന്നാൽ കുട്ടിയുടെ കൈവശമുള്ള ആധാർകാർഡിൽ പ്രായം 20 ആണ്. ഇത് വ്യാജമാണെന്നാണ് നിഗമനം. കോവളം സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സ്പാകളിൽ മിന്നൽ പരിശോധന; അഞ്ചുപേര് അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പാകളില് പൊലീസ് നടത്തിയ മിന്നല് പരിശോധനയില് 14 സ്ഥാപനങ്ങള്ക്കെതിരെ കേസുകള് രജിസ്റ്റര് ചെയ്തു. അഞ്ചുപേര് അറസ്റ്റിൽ. ആകെ 821 സ്ഥാപനങ്ങളില് 586 സ്പാകളിലാണ് പരിശോധന നടത്തിയത്. ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി. വിജയന്റെ നിര്ദേശാനുസരണമായിരുന്നു ഓപറേഷന് സ്പാ എന്ന പ്രത്യേക പരിശോധന നടത്തിയത്.
കൂടുതല് നടപടി ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ 87 കേന്ദ്രങ്ങളില് 70 എണ്ണത്തില് റെയ്ഡ് നടത്തി. നാല് കേസുകള് രജിസ്റ്റര് ചെയ്തു. നാലുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയില് 78 കേന്ദ്രങ്ങളില് 71 റെയ്ഡുകള് നടത്തി. തൃശൂര് സിറ്റിയില് 58ല് 56 എണ്ണത്തിലും പാലക്കാട് 71ല് 55 എണ്ണത്തിലും പരിശോധന നടത്തി.
പത്തനംതിട്ടയിലും ആലപ്പുഴയിലും മൂന്ന് കേസുകള് വീതം രജിസ്റ്റര് ചെയ്തു. എറണാകുളം റൂറലില് രണ്ടും കോട്ടയം, ഇടുക്കി ജില്ലകളില് ഓരോ കേസ് വീതവും രജിസ്റ്റര് ചെയ്തു. ചട്ടങ്ങള് പാലിക്കാത്ത 44 സ്പാകള്ക്ക് നോട്ടിസ് നല്കിയിട്ടുണ്ട്. കര്ശന നടപടി തുടരുമെന്ന് ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

